ഗംഗാ ദേവി ഏല്പിച്ചു പോയ കുമാരൻ കഴിവുറ്റ ഒരു യോദ്ധാവും ബുദ്ധിമാനും സത്യത്തിനും ധർമ്മത്തിനും വിലകൽപ്പിക്കുന്ന നല്ല ഒരു വ്യക്തിയും ആണ് എന്ന് മനസ്സിലാക്കി ശാന്തനു സന്തോഷിച്ചു. പതിനാറു വർഷം തന്നിൽ നിന്നും അകന്നു നില്ക്കേണ്ടി വന്ന അവനെ ശാന്തനു തന്റെ ജീവനേക്കാൾ ഏറെ സ്നേഹിച്ചു. ഒരിക്കൽ അയൽ രാജ്യമായ ശാൽവ രാജ്യം അപ്രതീക്ഷിതമായി ഹസ്തിനപുരി ആക്രമിക്കാൻ എത്തി. അടുത്ത കാലത്ത് നടന്നിരുന്ന യുദ്ധങ്ങൾ കാരണം ഹസ്തിനപുരിയുടെ സൈന്യം ദുർബലമായിരുന്നു എന്ന് മനസ്സിലാക്കിയാണ് അവർ അപ്രതീക്ഷിതമായ ഈ നീക്കം നടത്തിയത്. ഈ യുദ്ധം ജയിക്കാൻ നമ്മുടെ സൈന്യത്തിന് ആവില്ല എന്ന് മന്ത്രിമാർ ശാന്തനുവിനെ അറിയിച്ചു. തന്റെ രാജ്യം ശത്രുക്കൾ പിടിച്ചടക്കുമോ എന്ന് അദ്ദേഹം ഭയപെട്ടു.
പക്ഷെ ഈ അവസരത്തിൽ തന്റെ പിതാവിനെ സഹായിക്കേണ്ടത് തന്റെ കർത്തവ്യമാണ് എന്ന് മനസ്സിലാക്കിയ ദേവവ്രതൻ അദ്ദേഹത്തോട് പറഞ്ഞു. ഞാൻ സംരക്ഷിക്കും ഈ രാജ്യത്തെ അച്ഛൻ ഒന്നും ഓർത്തു വിഷമിക്കേണ്ട കാര്യം ഇല്ല. പക്ഷെ അത് യുദ്ധം കണ്ടിട്ടില്ലാത്ത ഒരു ബാലന്റെ പൊള്ള വാഗ്ദാനമായി മാത്രമാണ് കൊട്ടാരത്തിലെ അംഗങ്ങൾ കണ്ടത്. ശാന്തനു തന്റെ മകന് എന്തെങ്കിലും ആപത്ത് സംഭവിക്കുമോ എന്ന ആശങ്കയിലായി.
പക്ഷെ ശൽവ രാജ്യത്തിൻറെ സൈന്യത്തെ ദേവവ്രതൻ ഒറ്റയ്ക്ക് നേരിട്ടു. അപ്രതീക്ഷിതമായ ആക്രമണത്തെ ചെറുക്കാൻ ഹസ്ഥിനപുരിക്ക് ശക്തിയില്ലാ എന്ന് വിചാരിച്ച ശത്രുക്കൾക്ക് തെറ്റി. ദേവവ്രതൻ തന്റെ ഗുരു പരശുരാമൻ പഠിപ്പിച്ച അസ്ത്രവിദ്യകൾ പ്രയോഗിച്ചു. ചിലർ അഗ്നിക്കിരയായി. ചിലരെ കൊടുംകാറ്റു സൃഷ്ടിച്ചു ആണ് അവൻ നേരിട്ടത്. അനേകം പേർ അവന്റെ ശരവർഷമേറ്റ് മരിച്ചു വീണു. അങ്ങനെ ദേവവ്രതൻ ഒറ്റയ്ക്ക് യുദ്ധം ചെയ്തു ശത്രു സൈന്യത്തെ തോല്പിച്ചു. ഒടുവിൽ അഹങ്കാരത്തോടെ ആക്രമിക്കാൻ വന്ന ശാൽവ രാജകുമാരൻ മാത്രമാണ് ശേഷിച്ചത്. രാജകുമാരനെ ബന്ധനസ്ഥനാക്കി ശാന്തനുവിനു മുൻപിൽ എത്തിച്ചു.
ദേവവ്രതൻ ഒറ്റയ്ക്ക് യുദ്ധം ചെയ്തു ജയിച്ച വിവരം കാട്ടു തീ പോലെ നാടെങ്ങും പരന്നു. കൊട്ടാരത്തിലെ മന്ത്രിയും മറ്റു ആളുകളും ശത്രുവിന്റെ മകൻ ശത്രു തന്നെയാണെന്നും അതുകൊണ്ട് ശൽവ രാജകുമാരന് വധശിക്ഷ നല്കണം എന്നും പറഞ്ഞു. പക്ഷെ ദേവവ്രതൻ പറഞ്ഞു, ശത്രുക്കളെ കൊല്ലുന്നത് വഴി ശത്രുത അവസാനിക്കുകയില്ല എന്നും മറിച്ച് ശത്രുത വർധിക്കുകയെ ഉള്ളു. അതുകൊണ്ട് ശത്രുത അവസാനിപ്പിക്കാൻ ഏറ്റവും നല്ലത് ശത്രുവിനെ മിത്രമാക്കുന്നതാണ്. അതിനാൽ ശൽവ രാജകുമാരന് മാപ്പ് നല്കി തിരിച്ചു അയക്കണമെന്നും ശൽവ രാജ്യവുമായി സൗഹൃദം സ്ഥാപിക്കണം എന്നും ദേവവ്രതൻ പറഞ്ഞു. ശാന്തനു അപ്രകാരം തന്നെ ചെയ്തു.
വർഷങ്ങൾക്കു ശേഷം കുമാരാൻ ഒരു യുവാവായി മാറി. ശാന്തനു ദേവവ്രതനെ യുവരാജാവായി പ്രഖ്യാപിച്ചു.
തുടരും…