വാസ്തവത്തിൽ ഭീമന് ദുര്യോധനൻ നല്കിയ കൊടിയ വിഷത്തിനെ നിർവീര്യമാക്കാൻ നാഗങ്ങളുടെ വിഷത്തിനു മാത്രമേ കഴിയുമായിരുന്നുള്ളൂ. ശത്രു എന്ന് ധരിച്ചു ഭീമനെ നാഗങ്ങൾ ആക്രമിച്ചപ്പോൾ വിഷം നിർവീര്യമാകുകയും ഭീമൻ രക്ഷപെടുകയും ചെയ്തതാണ് എന്ന് ആരും അറിഞ്ഞില്ല.
അതേ സമയം ഭീമനെ കാണാതെ കൊട്ടാരത്തിൽ മറ്റു പാണ്ഡവരും കുന്തിയും വിഷമിച്ചു. ഭീമനെ ദുര്യോധനൻ കൂട്ടിക്കൊണ്ട് പോകുന്നത് യുധിഷ്ഠിരൻ കണ്ടിരുന്നു. അത് അവൻ കുന്തിയോട് പറഞ്ഞു. കുന്തി രഹസ്യമായി ദുര്യോധനനെ വിളിച്ചു കാര്യം അന്വേഷിച്ചു. തന്റെ കൂടെ അല്പസമയം കളിച്ച ശേഷം യുധിഷ്ഠിരൻ്റെ അടുത്തേക്ക് എന്ന് പറഞ്ഞു ഭീമൻ പോയി എന്ന് ദുര്യോധനൻ കള്ളം പറഞ്ഞു. ഭീമന്റെ തിരോധാനത്തിൽ ഗാന്ധാരിയും സംശയിച്ചത് ദുര്യോധനനെ തന്നെയായിരുന്നു.
ദുര്യോധനന്റെ പ്രവർത്തികൾ കണ്ടിട്ട് പേടിയാകുന്നു എന്നും അവനെ നിയന്ത്രിച്ചില്ലെങ്കിൽ അനർത്ഥങ്ങൾ ഉണ്ടാകും എന്നും ഗാന്ധാരി ധൃതരാഷ്ട്രരോട് പറഞ്ഞു. പക്ഷെ ഗാന്ധാരി വെറുതെ ദുര്യോധനനെ സംശയിക്കുന്നതാണ് എന്നാണു ധൃതരാഷ്ട്രർ പറഞ്ഞത്.
തുടരും…