തിരിച്ചു കൊട്ടാരത്തിൽ എത്തിയ ഭീമൻ സംഭവിച്ചതെല്ലാം പാണ്ഡവരോടും കുന്തിയോടും പറഞ്ഞു. തന്നെ വിഷം തന്നു കൊല്ലാൻ ശ്രമിച്ച ദുര്യോധനന്റെ തല ഇന്ന് തകർക്കും എന്ന് ഭീമൻ പറഞ്ഞു. പക്ഷെ അങ്ങനെ ചെയ്താൽ ദുര്യോധനനും ഭീമനും തമ്മിൽ വ്യത്യാസമൊന്നും ഉണ്ടാകില്ല അതുകൊണ്ട് നീ അവനോടു ക്ഷമിക്കണം. അവൻ നിന്റെ സഹോദരനാണ്, കൂടാതെ ഈ കാര്യം നമ്മൾ അല്ലാതെ വേറെ ആരും അറിയാൻ പാടില്ല. ദുര്യോധനൻ വിഷം തന്നു നിന്നെ കൊല്ലാൻ ശ്രമിച്ചു എന്ന് ഗാന്ധാരിയമ്മ അറിഞ്ഞാൽ അവർ വിഷമിക്കും. അതുകൊണ്ട് ഈ കാര്യങ്ങൾ എല്ലാം രഹസ്യമായി തന്നെ സൂക്ഷിക്കണം എന്നും യുധിഷ്ഠിരൻ ഭീമനോട് പറഞ്ഞു. അത് തന്നെയാണ് തന്റെയും ആജ്ഞ എന്ന് കുന്തിയും പറഞ്ഞു.
ഭീമൻ ആരോടും ഒന്നും പറഞ്ഞില്ല. പക്ഷെ ബുദ്ധിമാനായ വിദുരർ സത്യം മനസ്സിലാക്കിയിരുന്നു. അദ്ദേഹം ഭീഷ്മരിനോട് പറഞ്ഞു. ഭീഷ്മർ സംഭവിച്ചത് അറിഞ്ഞു വിഷമിച്ചു. അദ്ദേഹം പറഞ്ഞു ധൃതരാഷ്ട്രരുടെ പ്രതിബിംബമാണ് ദുര്യോധനൻ. അവൻ കുട്ടിയല്ലേ അവനെ നമുക്ക് നിയന്ത്രിക്കാം. ധൃതരാഷ്ട്രർ ഇത്തരം ഗൂഡാലോചനയൊന്നും നടത്തില്ല. ഇതിനു പിന്നിൽ ആ ശകുനിയാണ്. ഗാന്ധാരിയെ ധൃതരാഷ്ട്രർക്ക് വധുവായി ചോദിച്ചത് ഗാന്ധാര രാജ്യത്തെ അപമാനിച്ചതായിട്ടാണ് ശകുനി കാണുന്നത് അയാൾ കുരുവംശത്തോട് പ്രതികാരം തീർക്കാൻ ശ്രമിക്കുകയാണ്. അതുകൊണ്ട് നമ്മൾ സൂക്ഷിക്കണം.
തുടരും…