ദ്രോണർ ചുള്ളി കമ്പുകൾ കൊണ്ട് ചക്രവ്യൂഹം എന്താണ് എന്നും അതിനെ ഭേദിക്കുന്നത് എങ്ങനെയാണെന്നും അശ്വത്ഥാമാവിനെ പഠിപ്പിക്കുകയായിരുന്നു. അവിടേക്ക് അതിരഥൻ രാധേയനെയും കൂട്ടി വന്നു.
അതിരഥൻ: ഇത് എന്റെ മകനാണ്, രാധേയൻ.
ദ്രോണർ: രാധേയൻ? ഇവന്റെ രൂപത്തിനു ആ പേര് ചേരില്ല. സൂര്യതേജസ്സുള്ള ഇവനെ കർണ്ണൻ എന്നാണ് വിളിക്കേണ്ടത്.
അതിരഥൻ: ഇവന് ആയുധവിദ്യകൾ പഠിക്കാനാണ് താല്പര്യം. അങ്ങ് ഇവനെ ശിഷ്യനാക്കണം.
ദ്രോണർ: ഇവന് വിദ്യാദാനം ചെയ്യാൻ എനിക്ക് സന്തോഷമേയുള്ളൂ.
രാധേയൻ(കർണ്ണൻ): ക്ഷമിക്കണം എനിക്ക് ദാനമായി ഒന്നും വേണ്ട, വിദ്യാഭ്യാസം ദാനമായി കിട്ടേണ്ട ഒന്നല്ല.
കർണ്ണന്റെ വാക്കുകൾ ദ്രോണർക്കു ഇഷ്ടമായില്ല.
ദ്രോണർ: ഞാൻ ഇവിടെ യോദ്ധാക്കളെയോ രാജകുമാരന്മാരെയോ മാത്രമേ പഠിപ്പിക്കുന്നുള്ളൂ. പക്ഷെ നീ ഇത് രണ്ടും അല്ല. അത് കൊണ്ട് മറ്റൊരു ഗുരുവിനെ അന്വേഷിക്കുന്നതായിരിക്കും നല്ലത്.
കർണ്ണൻ: അങ്ങനെയാണോ? (അശ്വത്ഥാമാവിനെ ചൂണ്ടി) അപ്പോൾ ഈ ഇരിക്കുന്ന യുവാവ് ആരാണ് ?
ദ്രോണർ: എന്റെ മകനാണ്.
കർണ്ണൻ: അയാൾ രാജകുമാരനും അല്ല യോദ്ധാവും അല്ല.
ഇത്രയും പറഞ്ഞു കർണ്ണൻ അവിടെ നിന്നും ഇറങ്ങി പോയി. തന്റെ പുത്രനോട് ക്ഷമിക്കണം എന്ന് പറഞ്ഞിട്ട് അതിരഥനും. ദ്രോണർ അശ്വത്ഥാമാവിനെ പഠിപ്പിക്കാൻ തുടങ്ങി. കളിച്ചുകൊണ്ടിരുന്ന അർജ്ജുനൻ ഇത് കണ്ടു അങ്ങോട്ട് ഓടിച്ചെന്നു.
അർജ്ജുനൻ: ഗുരു… ഞാൻ കൂടി ഇവിടെയിരുന്നോട്ടെ ?
ദ്രോണർ: എന്താ മോന് കളിച്ചു മതിയായോ ?
അർജ്ജുനൻ: ഗുരു പഠിപ്പിച്ചുതുടങ്ങിയാൽ പിന്നെ അത് കളിക്കാനുള്ള സമയം അല്ല.
ദ്രോണർ: മിടുക്കൻ. നീ എന്റെയടുത്ത് നിന്നും എല്ലാം പഠിക്കും എന്ന് തോന്നുന്നു. ഇവിടെ ഇരുന്നോളൂ.
തുടരും…