ദ്രോണാചാര്യരുടെ മനസ്സിൽ തന്നെ അപമാനിച്ച ദ്രുപദനോടുള്ള പക വർഷങ്ങങ്ങളായി കിടന്നു നീറുകയായിരുന്നു. തന്റെ മകന് പാൽ നല്കാനായി ഒരു പശുവിനെ മാത്രമായിരുന്നു ദ്രോണാചാര്യർ ദ്രുപദനോട് ചോദിക്കാൻ വിചാരിച്ചിരുന്നത്. പക്ഷെ ദ്രുപദൻ തന്നെ സുഹൃത്തായി കൂടി കാണുന്നില്ല എന്ന് മാത്രമല്ല, ബ്രാഹ്മണനായത് കൊണ്ട് മാത്രം എന്തും ഭിക്ഷയായി തരാൻ തയ്യാറാണ് എന്ന് പറഞ്ഞു അപമാനിക്കുകയും ചെയ്തു. ഈ പക തീരണമെങ്കിൽ ദ്രുപദനോട് പ്രതികാരം തീർക്കണം. അതിനായി ദ്രോണർ തന്റെ ശിഷ്യന്മാരെ വിളിച്ചു.
ദ്രോണർ അവരോടു പറഞ്ഞു, ഗുരു ദക്ഷിണ തരാതെ നിങ്ങളുടെ വിദ്യാഭ്യാസം പൂർത്തിയാകുന്നില്ല. അതിനാൽ ഗുരു ദക്ഷിണയായി ദ്രുപദനെ പിടിച്ചു കെട്ടി എന്റെ മുൻപിൽ കൊണ്ട് വരുക.
ദുര്യോധനൻ: ഇന്ന് തന്നെ ദ്രുപദനെ വധിച്ചു ഞാൻ അങ്ങേയ്ക്ക് ഗുരു ദക്ഷിണ തരുന്നതായിരിക്കും.
ദ്രോണർ: വധിക്കാൻ അല്ല ഞാൻ പറഞ്ഞത്, ഗുരുവിന്റെ വാക്കിനു അപ്പുറം പ്രവർത്തിക്കുന്നതും ഗുരുവിന്റെ വാക്കിനെ നിന്ദിക്കുന്നതിനു തുല്യമാണ്.
ദുര്യോധനൻ: ക്ഷമിക്കണം. ഞാൻ ഇപ്പോൾ തന്നെ പോയി ദ്രുപദനെ പിടിച്ചു കെട്ടി കൊണ്ട് വരാം.
ഇത്രയും പറഞ്ഞു ദുര്യോധനനും അനുജന്മാരും അവിടെ നിന്നും പോയി.
ഗുരുവിന്റെ പ്രിയ ശിഷ്യൻ താൻ ആയിട്ടും ഗുരു എന്ത് കൊണ്ടാണ് തന്നോട് ഇത് ആവിശ്യപ്പെടാതിരുന്നത് എന്ന് അർജ്ജുനൻ ദ്രോണാചാര്യരോട് ചോദിച്ചു
ദ്രോണർ: നിങ്ങളുടെ എല്ലാവരുടെയും പഠനം പൂർത്തിയായി. പക്ഷെ ദുര്യോധനന്റെ പഠനം ഇനിയും പൂർത്തിയായിട്ടില്ല. അഹങ്കാരം ഒരു മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവാണ്. ഇത് പഠിക്കാൻ ദുര്യോധനൻ ഇനിയും എത്രകാലം എടുക്കും.
ദുര്യോധനനും കർണ്ണനും മറ്റു കൗരവരും ഒരു വൻ സേനയുമായി ദ്രുപദനുമായി ഏറ്റു മുട്ടി. കർണ്ണൻ ശരവർഷം കൊണ്ട് ദ്രുപദന്റെ സേനയെ തകർത്തു മുന്നേറി. ദുര്യോധനനും മറ്റു കൗരവരും ദ്രുപദന്റെ സേനയെ അരിഞ്ഞു വീഴ്ത്തികൊണ്ടിരുന്നു. പക്ഷെ ദ്രുപദൻ അമ്പു എയ്തു കർണ്ണന്റെ തേരാളിയെ വീഴ്ത്തി. ദുര്യോധനൻ ദ്രുപദനുമായി ഏറ്റുമുട്ടി. പെട്ടെന്ന് ദ്രുപദനെ പിന്തുണച്ചു കൊണ്ട് കൂടുതൽ സൈന്യം എത്തി ദുര്യോധനനും കൂട്ടർക്കും പിൻ വാങ്ങുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല.
യുദ്ധം തോറ്റ ദുര്യോധനൻ ദ്രോണരുടെ അടുത്തെത്തി.
ദുര്യോധനൻ: ക്ഷമിക്കണം ഗുരു അങ്ങ് ചോദിച്ച ഗുരു ദക്ഷിണ തരാൻ എനിക്ക് കഴിഞ്ഞില്ല.
തുടരും…