അടുത്ത ദിവസം ഒരാൾ ഒരു എലിയെയും കൊണ്ട് അവിടെയെത്തി.
അയാൾ പറഞ്ഞു ഈ എലി നന്നായി മാളം ഉണ്ടാക്കും.
ബുദ്ധിമാനായ യുധിഷ്ഠിരന് മനസ്സിലായി, അത് വിദുരർ പാണ്ഡവരെ സഹായിക്കുവാൻ വേണ്ടി അയച്ച ദൂതൻ ആണെന്ന്. “എലി നന്നായി മാളം ഉണ്ടാക്കും” എന്നതിന്റെ യഥാർത്ഥ അർത്ഥം ഇവിടെ തുരങ്കം ഉണ്ടാക്കി നിങ്ങളെ രക്ഷിക്കാൻ ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്നാണ് എന്ന്.
യുധിഷ്ഠിരന്റെ സമ്മതപ്രകാരം രഹസ്യമായി ദൂതൻ തുരങ്കം കുഴിക്കുവാൻ തുടങ്ങി.
ഒരു കാരണവശാലും പാണ്ഡവർ രക്ഷപെടാതിരിക്കാൻ അംഗരക്ഷകർ എന്ന വ്യാജേന മുൻ വാതിലിൽ ദുര്യോധനന്റെ സേനയുടെ കാവലും ഉണ്ടായിരുന്നു.
ഹസ്തിനപുരിയിൽ കൊട്ടാരത്തിൽ ദുര്യോധനനും ശകുനിയും പാണ്ഡവരുടെ മരണ ശേഷം അവർക്ക് ലഭിക്കാൻ പോകുന്ന സൗഭാഗ്യങ്ങൾ ഓർത്തു ദിവസങ്ങൾ തള്ളിനീക്കുകയായിരുന്നു. ദുര്യോധനന് സമയം ഇഴയുന്നതായി തോന്നി. ശകുനി പറഞ്ഞു, വരുന്ന കറുത്ത വാവ് ദിവസം അതായത് ഇന്നേക്ക് മൂന്നാം നാൾ പാണ്ഡവർ താമസിക്കുന്ന വീടിനു തീയിടും. പിന്നെ നീയാണ് ഹസ്തിനപുരിയുടെ യുവ രാജാവ്, അധികം വൈകാതെ രാജാവും.
കർണ്ണന് മാത്രം പാണ്ഡവരെ ചതിച്ചു കൊല്ലുന്നതിനോട് യോജിപ്പായിരുന്നില്ല.
അത് കർണ്ണൻ ദുര്യോധനോട് പറയുകയും ദുര്യോധനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
തുടരും…