പാണ്ഡവർ അഞ്ചുപേരും ദ്രൗപതിയെ വിവാഹം കഴിച്ചപ്പോൾ നാരദൻ അവർക്കായി ഒരു നിയമമുണ്ടാക്കിയിരുന്നു. “ഏതെങ്കിലുമൊരു പാണ്ഡവൻ ദ്രൗപതിയുടെ കൂടെ ഒറ്റയ്ക്ക് കഴിയുമ്പോൾ മറ്റൊരു സഹോദരനും ആ മുറിയിൽ പ്രവേശിക്കുവാൻ പാടില്ല, ആരെങ്കിലും ഈ നിയമം തെറ്റിച്ചാൽ അയാൾ 12 വർഷത്തേക്ക് നാടുകടത്തപ്പെടും.” പാണ്ഡവരെല്ലാവരും ഈ നിയമം പാലിക്കുവാൻ പ്രതിജ്ഞ ചെയ്തു.
പക്ഷേ ഒരുദിവസം അർജുനന് ഈ നിയമം ലംഘിക്കേണ്ടിവന്നു. അതുകൊണ്ട് അർജുനൻ നാടുകടത്തപ്പെട്ടു. ആ കാലഘട്ടത്തിൽ അവൻ പല പുണ്യ സ്ഥലങ്ങളും സന്ദർശിച്ചു. അങ്ങനെ കലിംഗദേശംവഴി സഞ്ചരിച്ചപ്പോൾ ചിത്രന്റെ മകൾ ചിത്രാങ്കതയെ കണ്ടുമുട്ടി. അവൻ അവളെ പരിണയിച്ചു. അവർക്ക് ഒരു പുത്രനുമുണ്ടായി.
അടുത്തതായി അർജുനന്റെ സഞ്ചാരത്തിൽ അവൻ ശ്രീകൃഷ്‌ണനെ കണ്ടു. രണ്ടുപേരും ദ്വാരകയിലേക്ക് പോയി. അവിടെവെച്ച് അർജുനൻ ശ്രീകൃഷ്ണന്റെ അനുജത്തി സുഭദ്രയെ പരിണയിച്ചു. എന്നാൽ സുഭദ്ര ദുര്യോധനനുമായി വിവാഹിതയാവാൻ തീരുമാനിക്കപ്പെട്ടവളായിരുന്നു.
തൻ്റെ 12 വർഷത്തെ നാടുകടത്തലിനുശേഷം അർജുനൻ സുഭദ്രയെ ഇന്ദ്രപ്രസ്ഥത്തിലേക്ക് കൊണ്ടുവന്നു. സുഭദ്ര ഒരു ബുദ്ധിശാലിയായ പുത്രന് ജന്മം നൽകി. അവൻ്റെ പേര് “അഭിമന്യു.”
അതേസമയം അഞ്ച് പാണ്ഡവരിൽനിന്നും ദ്രൗപതിക്ക് 5 കുട്ടികളും ജനിച്ചു.
നാരദന്റെ ആഗ്രഹപ്രകാരം പാണ്ഡവർ രാജസൂയയാഗം നടത്താൻ തീരുമാനിച്ചു. അതിന് ജരാസന്ധനും ശിശുപാലനും എതിരായിരുന്നു. കൃഷ്ണനും അർജുനനും ഭീമനും ജരാസന്ധനെ രാജസൂയയാഗത്തിന് ക്ഷണിക്കാൻ ചെന്നു.
തുടരും…