അവൻറെ തൃപ്തിക്കായി ധൃതരാഷ്ട്രർ വീണ്ടും പാണ്ഡവരെ പകിട കളിക്കാനായി ക്ഷണിക്കുന്നു. യുധിഷ്ഠിരൻ ഭയമേതുമില്ലാതെ, ഇതിൽ അടങ്ങിയിട്ടുള്ള വഞ്ചന അറിഞ്ഞുകൊണ്ടുതന്നെ സമ്മതിക്കുന്നു. അങ്ങനെ വീണ്ടും പകിട കളി ആരംഭിക്കുന്നു.
ദുര്യോധനൻ പറഞ്ഞു “ധർമ്മപുത്രാ ഇത്തവണ ഒരേയൊരു കളിയേയുള്ളൂ, ഇതിൽ തോറ്റാൽ നിങ്ങളെല്ലാവരും മരത്തോലുടുത്ത് പന്ത്രണ്ട് വർഷം വനവാസം നടത്തണം. ആ പന്ത്രണ്ട് വർഷത്തെ വനവാസത്തിനുശേഷം പിന്നീട് ഒരു വർഷം അജ്ഞാതവാസവും വേണം. ആ അജ്ഞാതവാസക്കാലത്ത് ആരെങ്കിലും നിങ്ങളെ തിരിച്ചറിഞ്ഞാൽ വീണ്ടും പന്ത്രണ്ട് വർഷം വനവാസം തന്നെ ചെയ്യണം.” യുധിഷ്ഠിരൻ സമ്മതിച്ചു.
ശകുനി പകിട ഉരുട്ടി. വീണ്ടും ദുര്യോധനൻ തന്നെ ജയിച്ചു. പാണ്ഡവർക്ക് എല്ലാം നഷ്ടമായി അവർ മരത്തോലുടുത്ത് വനവാസത്തിനു പുറപ്പെട്ടു.
ദുര്യോധനൻ പറഞ്ഞു “കുന്തിയുടെ വയസ്സും അനാരോഗ്യവും പരിഗണിച്ച് അവരെ ഞാൻ ഇവിടെ താമസിപ്പിച്ചു കൊള്ളാം, എനിക്ക് ചെയ്യാൻ കഴിയുന്ന പരമാവധി മര്യാദയാണിത്.”
ധർമ്മപുത്രൻ അതിന് സമ്മതിച്ചു. പാണ്ഡവരും ദ്രൗപതിയും ഹസ്തിനപുരം വിട്ടു പുറപ്പെട്ടു. പാഞ്ചാലിയുടെ സഹോദരൻ ധൃഷ്ടദ്യുമ്നൻ തൻറെ നാട്ടിലേക്ക് തൻറെ മരുമക്കളെ കൊണ്ടുപോയി. ശ്രീകൃഷ്ണൻ സുഭദ്രയും അഭിമന്യുവിനെയും തൻറെ കൂടെ താമസിപ്പിച്ചു. പാണ്ഡവർ കാട്ടിലേക്ക് പോയി, അവിടെ കുടിൽകെട്ടി താമസിച്ചു. കാട്ടിൽ കിട്ടുന്ന പഴങ്ങളും വേരുകളും അവർ കഴിച്ചു. കാലം കടന്നു പോയി. രാജാക്കന്മാർ, മുനിമാർ, ഭഗവാൻ കൃഷ്ണൻ എന്നിവരെല്ലാം കാട്ടിൽ വന്നു പാണ്ഡവരെ കണ്ടു.
ഒരു ദിവസം സന്ധ്യക്ക് പാണ്ഡവർ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ദ്രൗപതി യുധിഷ്ഠിരനോട് പറഞ്ഞു “ആ വഞ്ചകനായ ദുര്യോധനൻ നമ്മുടെ എല്ലാം നഷ്ടമാക്കി, അങ്ങേയ്ക്ക് അവരോട് കോപം വരുന്നില്ലേ? പറയൂ…”
യുധിഷ്ഠിരൻ പറഞ്ഞു “മാപ്പ് നൽകുന്നതും അഹിംസയും എല്ലാം ഒരു നല്ല മനുഷ്യൻറെ ഗുണങ്ങളാണ്, അതുകൊണ്ടാണ് ഞാൻ ആ വഴി പിന്തുടരുന്നത്.”
ഭീമൻ ചോദിച്ചു “എനിക്ക് മനസ്സിലാകുന്നില്ല ജ്യേഷ്ഠാ എന്തുകൊണ്ടാണ് നാം കൗരവരെ ആക്രമിച്ച് നമ്മുടെ നാട് വീണ്ടെടുത്തത്, അതൊക്കെ ന്യായമായും നമ്മുടെ തന്നെയല്ലേ?”
യുധിഷ്ഠരൻ പറഞ്ഞു “ശത്രുക്കൾക്ക് ബലം കുറവാണെന്ന് നാം വിലയിരുത്തരുത്, അവരുടെ പക്കൽ എല്ലാവിധ ആയുധങ്ങളും ഉണ്ട്. അതിനൊപ്പം ശക്തിയില്ലാതെ നമുക്ക് അവരെ നേരിടാൻ കഴിയുകയില്ല.
അങ്ങനെ അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ വേദവ്യാസൻ അവിടെയെത്തി.
“നിങ്ങളുടെ ദുഃഖം എനിക്ക് മനസ്സിലാകുന്നുണ്ട് ധർമ്മപുത്രാ… അർജുനൻ ആദ്യം ദേവേന്ദ്രനിൽനിന്നും പരമശിവനിൽനിന്നും അസ്ത്രങ്ങൾ നേടണം. ആ ആയുധങ്ങൾ കൊണ്ട് മാത്രമേ കൗരവരെ തോൽപ്പിക്കാൻ കഴിയൂ. അതിനുവേണ്ടി അർജുനൻ ഇന്ദ്രനീല മലയിൽ പോയി തപസ്സുചെയ്യേണ്ടതുണ്ട്.”
അർജുനൻ ഇന്ദ്രനീലമലയിലേക്ക് പുറപ്പെട്ടു. അവൻ തപസ്സുചെയ്തു ദേവേന്ദ്രനെ പ്രീതിപ്പെടുത്തി. ആവശ്യമായ ആയുധങ്ങൾ ദേവേന്ദ്രനോട് ആവശ്യപ്പെട്ടു. ദേവേന്ദ്രൻ പറഞ്ഞു “മകനേ നീ പരമശിവനെ തപസ്സ് ചെയ്യുക, അതിനുശേഷം മാത്രമേ എനിക്ക് ആ ആയുധങ്ങൾ നിനക്ക് തരാൻ കഴിയുകയുള്ളൂ.”
അർജുനൻ ശിവപ്രീതിക്കായി തപസ്സുചെയ്യാൻ ആരംഭിച്ചു.
തുടരും…