മഹാഭാരതം കഥാരൂപത്തിൽ ഭാഗം-98

തപോമധ്യേ അർജുനനെ ഒരു കാട്ടുമൃഗം ആക്രമിക്കാൻ വന്നു. അർജുനൻ ആ മൃഗത്തെ അമ്പെയ്തു. അതേസമയം കാട്ടു വാസിയായ ഒരു വേടനും ആ മൃഗത്തെ അമ്പെയ്തു. ആ വേടൻ ഭഗവാൻ ശിവൻ വേഷംമാറി വന്നതായിരുന്നു. രണ്ടുപേരുടേയും അമ്പുകൾ തറച്ചാണ് ആ കാട്ടുമൃഗം ചത്തത്.

അർജുനൻ ചോദിച്ചു “നീ ആരാണ് ഞാൻ അമ്പെയ്ത മൃഗത്തെ നീയെന്തിന് അമ്പെയ്തു?”

കിരാതൻ പറഞ്ഞു “യുവാവേ, ഞങ്ങൾ കാട്ടുവാസികളാണ് മാത്രമല്ല ഞാനാണ് ആദ്യം അമ്പുതൊടുത്ത് അതിനെ കൊന്നത്.”

ഇരുവരും കടുത്ത തർക്കത്തിലായി.

“നീ അധികമായി സംസാരിച്ചു, നിന്നെ ഞാൻ ജീവനോടെ വിടില്ല.” വേടൻ പറഞ്ഞു.

വേടൻ്റെ വാക്കുകൾ കേട്ട അർജ്ജുനൻ കോപിച്ചു. അർജുനൻ വേടൻ്റെ നേർക്ക് അമ്പുകൾ ഏയ്തെങ്കിലും വേടന് ഒരു മുറിവും പറ്റിയില്ല. ഒടുവിൽ അർജ്ജുനന് മനസ്സിലായി താൻ ഭഗവാൻ ശിവനോട് ആണ് യുദ്ധം ചെയ്തു കൊണ്ടിരിക്കുന്നതെന്ന്. അങ്ങനെ ഭഗവാൻ ശിവൻ സ്വരൂപത്തിൽ പ്രത്യക്ഷപ്പെടുകയും അർജുനന്റെ വീര്യത്തിൽ അനുമോദിക്കുകയും അവന് പാശുപതാസ്ത്രം സമ്മാനമായി നൽകുകയും ചെയ്തു.

അങ്ങനെ പല ദൈവായുധങ്ങളും നേടി അർജുനൻ കുറച്ചുകാലം ദേവലോകത്തിൽ താമസിച്ചു. അവിടെവെച്ച് ഗന്ധർവനിൽനിന്നും സംഗീതനൃത്താദികൾ പഠിച്ചു. മറ്റുപാണ്ഡവർ അതേസമയത്ത് ഘോരവനത്തിലായിരുന്നു. അവർ പലയിടങ്ങളിലും ചുറ്റിസഞ്ചരിച്ചു. ബദ്രി, കേദാരം മുതലായ സ്ഥലങ്ങളിലൂടെയും അവർ സഞ്ചരിച്ചു.

ഒരിക്കൽ കാട്ടിൽവെച്ച് ദ്രൗപതി ഒരു കല്യാണസൗഗന്ധികപുഷ്പം കണ്ടു. “ഭീമസേനരേ, ഇതുപോലത്തെ പൂക്കൾ എനിക്ക് കുറേ കൊണ്ടുത്തരുമോ?”

ഭീമൻ ആ പൂവുതേടി പുറപ്പെട്ടു. യാത്രാമധ്യേ നീളത്തിലുളള വാലുകൊണ്ട് ഒരുകുരങ്ങ് വഴിതടഞ്ഞു കിടക്കുന്നതുകണ്ടു.

“കുരങ്ങേ, എനിക്കു വഴിതരൂ” ഭീമൻ പറഞ്ഞു.

“എൻ്റെ വാലൊന്ന് മാറ്റിവെച്ചിട്ട് നടന്നുപൊക്കോളൂ” കുരങ്ങുപറഞ്ഞു.

എന്നാൽ അപ്രതീക്ഷിതമായിരുന്നു അത്, ഭീമൻ കിണഞ്ഞ് പരിശ്രമിച്ചിട്ടും ആ വാലൊന്ന് അനക്കാൻപോലും കഴിഞ്ഞില്ല.

ഭീമൻ: ഞാൻ നിന്നെ വന്ദിക്കുന്നു, ദയവായി നീയാരാണെന്ന് പറഞ്ഞാലും.

കുരങ്ങ്: ഭീമാ, ഞാനാണ് നിന്റെ സഹോദരൻ ഹനുമാൻ.

ഇതുകേട്ട് സന്തോഷത്താൽ ഭീമൻ കൂടുതൽ ശക്തനായിത്തീർന്നു.

“ഞാൻ അർജുനന്റെ പോർകൊടിയിൽ ചിഹ്നമായിരുന്ന് ശത്രുക്കളിൽ ഭീതിയുളവാക്കും. ഇപ്പോൾ നീ ഈ പാതയിൽ പോകൂ. നീ അന്വേഷിച്ച പുഷ്പങ്ങൾ നിനക്കുകിട്ടും.” ഹനുമാൻ പറഞ്ഞു.

ഭീമൻ ആ വഴിയേ നടന്നുപോയി കല്യാണസൗഗന്ധിക പൊയ്ക കണ്ടുപിടിച്ചു. എന്നാൽ ആ പൊയ്ക ചില ക്രൂര രൂപങ്ങളാൽ സംരക്ഷിക്കപ്പെട്ടതായിരുന്നു. ഭീമൻ അവയെല്ലാം കണ്ടുപിടിച്ച് നശിപ്പിച്ചു. ഇതെല്ലം കണ്ട് കുബേരൻ നേരിൽ വന്നു. എല്ലാ പൂക്കളും പറിച്ചുകൊള്ളുവാൻ കുബേരൻ ഭീമന് അനുവാദം നൽകി.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു