പാണ്ഡവർ കാട്ടിൽ കഴിയുന്ന സമയത്ത് ഒരുദിവസം യുധിഷ്ഠിരന് വല്ലാത്ത ദാഹം വന്നു. വെള്ളം കൊണ്ടുവരാൻ നകുലനെ അയച്ചു. നകുലൻ വെള്ളമെടുക്കാൻ കുളത്തിലേക്ക് ചെന്നപ്പോൾ അവിടെ ഒരു ഭയങ്കര ശബ്ദം കേട്ടു. “നിൽക്കൂ ഈ കുളം എന്റേതാണ്, എൻറെ ചോദ്യങ്ങൾക്കുത്തരം നൽകിയതിനുശേഷമേ വെള്ളം കുടിക്കാവൂ.” പക്ഷേ നകുലൻ അതുഗൗനിക്കാതെ വെള്ളം കുടിച്ചു. ഉടനെ അവൻ ബോധംകെട്ടുവീണു. അതേസമയം നകുലനെ കാണാത്തതിനാൽ സഹദേവനെ തിരക്കാൻ പറഞ്ഞയച്ചു. എന്നാൽ സഹദേവനും നകുലന്റെ ഗതിതന്നെ സംഭവിച്ചു. അതുപോലെതന്നെ അർജ്ജുനനും ഭീമനും സംഭവിച്ചു. ഒടുവിൽ യുധിഷ്ഠിരൻ കുളത്തിലേക്ക് വന്നു തൻറെ സഹോദരന്മാർ അവിടെ ബോധംകെട്ടു കിടക്കുന്നത് കണ്ടു വിസ്മയിച്ചു.
അപ്പോൾ അതേ ശബ്ദം കേട്ടു, ഒരു അസുരൻ പ്രത്യക്ഷനായി. “ഈ കുളം എന്റേതാണ്, എൻറെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ നിനക്ക് വെള്ളം കുടിക്കാം. നിൻറെ സഹോദരന്മാരുടെ ജീവനും തിരിച്ചുകിട്ടും.” യുധിഷ്ഠിരൻ അത് സമ്മതിച്ചു. അസുരൻ ചോദ്യങ്ങളും തുടങ്ങി.
“ഭൂമിയേക്കാൾ വലിയതെന്ത്?”
“പെറ്റമ്മ”
“മലകളേക്കാൾ വലിയത്?”
“അച്ഛൻ”
“ചിന്തകളേക്കാൾ വേഗതയുള്ളത് എന്തിന്?”
“നമ്മുടെ മനസ്സ്”
ഇങ്ങനെ അസുരൻ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം യുധിഷ്ഠിരൻ ശരിയായ ഉത്തരം പറഞ്ഞു. ഇതുകേട്ട് അസുരന് സന്തോഷമായി. ആ അസുര രൂപത്തിൽ വന്നത് യമധർമ്മ രാജാവായിരുന്നു. മരിച്ച പാണ്ഡവർക്കെല്ലാം ജീവൻ തിരിച്ചു കൊടുത്തു.
“ധർമ്മപുത്രാ നിനക്കെന്ത് വേണം ചോദിച്ചുള്ളൂ.”
“12 വർഷം ഞങ്ങൾ വനവാസത്തിൽ കഴിഞ്ഞു, ഇനിയുള്ള ഒരുവർഷം അജ്ഞാതവാസമാണ്; ആ കാലത്ത് ഞങ്ങളെ ആരും തിരിച്ചറിയാതിരിക്കാൻ അനുഗ്രഹിക്കണം” യുധിഷ്ഠരൻ പറഞ്ഞു.
“അങ്ങനെയാകട്ടെ” യമധർമ്മരാജാവ് യാത്രയായി.
പാണ്ഡവരുടെ അജ്ഞാതവാസം പരാജയപ്പെടുത്താൻ ദുര്യോധനൻ എല്ലാ സ്ഥലത്തേക്കും ചാരന്മാരെ അയച്ചു. അപ്പോൾ അവൻ കീചകൻ്റെ മരണത്തെക്കുറിച്ച് കേൾക്കുവാനിടയായി. കീചകനെ കൊന്നത് ഭീമനാണെന്നും, ഇപ്പോൾ പാണ്ഡവർ വിരാട രാജധാനിയിൽ ഉണ്ടാകുമെന്നും അവർക്ക് തോന്നി.
ഈ സന്ദർഭത്തിൽ വിരാട രാജ്യത്തിൻറെ അയൽ രാജ്യം ഭരിച്ചിരുന്ന സുശർമ്മാവ് എന്ന രാജാവ് അവസരോചിതമായി ദുര്യോധനനോട് കൈകോർത്തു. “കൗരവ രാജാവേ, നമുക്ക് വിരാടന്റെ രാജ്യം ആക്രമിച്ച് സമ്പത്തുകൾ അപഹരിക്കാം. ദയവുചെയ്ത് ഈ കാര്യത്തിൽ എനിക്ക് സഹായമായാലും. പാണ്ഡവർ അവിടെയാണ് ഒളിച്ചിരിക്കുന്നതെങ്കിൽ കണ്ടെത്താനുമാകും.”
തുടരും…