മഹാഭാരതം കഥാരൂപത്തിൽ ഭാഗം-103

ധർമ്മയുദ്ധത്തിന് നിബന്ധനകൾ ഉണ്ടായിരുന്നു. കാലാൾപ്പട കാലാൾപ്പടകളോടെ യുദ്ധം ചെയ്യാവൂ. ആരെങ്കിലും അഭയം ചോദിച്ചാൽ അവരെ കൊല്ലാൻ പാടില്ല. തുടങ്ങിയവയായിരുന്നു നിബന്ധനകൾ. ഈ ധർമ്മയുദ്ധമുറകൾ എല്ലാവരും സ്വീകരിച്ചു.

പിറ്റേദിവസം രാവിലെ ഭീഷ്മർ, ദ്രോണർ, ദുര്യോധനൻ, അശ്വത്ഥാമാവ് തുടങ്ങിയവരടങ്ങിയ കൗരവരുടെ വലിയപട തയ്യാറായിനിന്നു. അതേപോലെ അർജുനൻ, ഭീമൻ, വിരാടൻ, ദ്രുപദൻ, ശിഖണ്ഡി എന്നിവരോട് കൂടി മറുവശത്ത് അണിനിരന്നു. ഭീഷ്മർ ശംഖൂതി യുദ്ധത്തിന് തുടക്കം കുറിച്ചു.

അർജുനൻ പോർക്കളത്തിൽ തൻറെ ബന്ധുക്കളെയും അഭിവന്ദ്യരായ പിതാമഹരേയും കണ്ടപ്പോൾ തളർന്നുപോയി.

അർജുനൻ: “കൃഷ്ണാ യുദ്ധ വിജയത്തിനായി ബന്ധുക്കളേയും അഭിവന്ദ്യരേയും കൊല്ലാൻ എനിക്ക് കഴിയുകയില്ല. ഇതിലും ഭേദം ധൃതരാഷ്ട്രരുടെ മക്കളാൽ ഞാൻ മരിക്കുന്നതാണ്.”

കൃഷ്ണൻ: “അർജുനാ എന്തുപറ്റി നിനക്ക്, ഇങ്ങനെ അധൈര്യപ്പെട്ടാൽ വിജയവും പ്രശസ്തിയും നേടാൻ കഴിയുകയില്ല.”

അർജുനൻ: “പക്ഷേ എങ്ങനെ ഞാൻ ഭീഷ്മരും ദ്രോണരുമായി യുദ്ധം ചെയ്യും? ധൃതരാഷ്ട്രരുടെ മക്കളെ കൊന്നശേഷം എനിക്ക് എങ്ങനെ സന്തോഷമായിരിക്കാൻ കഴിയും?”

കൃഷ്ണൻ: “അർജുനാ നീ നീതിമാനായതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്. ദുഃഖം തരുന്ന ചിന്തകൾക്ക് ഇവിടെ സ്ഥാനമില്ല. യുവാവോ വൃദ്ധനോ; സ്വനാശത്തിന് നാം തന്നെ കാരണം. ജ്ഞാനമുള്ള മനുഷ്യന് ഒരിക്കലും യുദ്ധത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയുകയില്ല. ഉടൽ മരിക്കും എന്നാൽ ആത്മാവിന് നാശമില്ല. അത് ഒരുടലിൽ നിന്നും മറ്റൊരുടലിലേക്ക് മാറുന്നു. വിജയപരാജയങ്ങളെക്കുറിച്ചോർത്ത് ചഞ്ചലപ്പെടരുത്. സുഖം, ദുഃഖം, സന്തോഷം, സന്താപം, ലാഭം, നഷ്ടം എല്ലാം ഒന്നുപോലെയാണ്. യുദ്ധത്തിന് തയ്യാറാകൂ. നിന്റെ കടമ നിറവേറ്റുക.”

അർജുനൻ: “എൻറെ മനസ്സ് തെളിഞ്ഞു കൃഷ്ണാ, അങ്ങ് പറയുന്ന പോലെ ഞാൻ ചെയ്യാം.”

യുധിഷ്ഠിരൻ ദ്രോണരോടും ശല്യരോടും കൃപാചാര്യരോടും ആശീർവാദം വാങ്ങി. കൗരവസേനയോട് പറഞ്ഞു “കൗരവസേനയോട് ഞാൻ അഭ്യർത്ഥിക്കുകയാണ്, നിങ്ങളിൽ ആർക്കെങ്കിലും ഞങ്ങളുടെ പക്ഷം ചേരുവാൻ ആഗ്രഹമുണ്ടെങ്കിൽ ഞാൻ സ്വാഗതം ചെയ്യുകയാണ്.”

ദുര്യോധനൻറെ സഹോദരന്മാരിൽ ഒരുവനായ “യൂയുത്സു” പാണ്ഡവരുടെ പടയിൽ ചേർന്നു. അങ്ങനെ യുദ്ധമാരംഭിച്ചു. ഇരു പക്ഷങ്ങളും നേർക്കുനേർ യുദ്ധം ചെയ്തു. തേരുകൾ തേരുകളോടും കുതിരപ്പട കുതിരപ്പടകളോടും കാലാൾപ്പട കാലാൾപ്പടകളോടും യുദ്ധംചെയ്തു. ദുശാസനന്റെ കൂർത്ത അമ്പുകൾ നകുലനെ പരിക്കേൽപ്പിച്ചു. നകുലനും തിരിച്ച് അമ്പുകളെയ്ത് ദുശ്ശാസനനെ വ്രണപ്പെടുത്തി. ശല്യർ യുധിഷ്ഠിരനെ വ്രണപ്പെടുത്തി. യുധിഷ്ഠിരൻ്റെ അമ്പുകൊണ്ട് ശല്യരും വ്രണപ്പെട്ടു. ശിഖണ്ഡിയും അശ്വത്ഥാമാവും തമ്മിൽ കഠിനമായ പോരുനടന്നു. എത്രയെത്രയോ വീരന്മാർ വ്രണപ്പെട്ടു, മരിച്ചുവീണു. മനുഷ്യ രക്തം ഒഴുകി.

ഒമ്പതാം ദിവസത്തോടുകൂടി ഭീഷ്മരുടെ ഭയങ്കരമായ ആക്രമണത്താൽ പാണ്ഡവരുടെ സൈന്യബലം ഗണ്യമായി കുറഞ്ഞു. അതുകൊണ്ട് പാണ്ഡവർ വിഷാദത്തോടുകൂടി കൊട്ടാരത്തിലേക്ക് മടങ്ങി.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു