പിറ്റേ ദിവസം കാലത്ത് കർണൻ സൂര്യഭഗവാനെ നമസ്കരിക്കുമ്പോൾ ദേവേന്ദ്രൻ ഒരു ബ്രാഹ്മണ വേഷത്തിൽ അവൻറെ അടുക്കൽ ചെന്നു.
കർണ്ണൻ: “ബ്രാഹ്മണാ ഞാൻ അങ്ങേയ്ക്ക് എന്താണ് ചെയ്യേണ്ടത്?”
ബ്രാഹ്മണൻ: “കർണ്ണാ ഈ ബ്രാഹ്മണന് ഒരു ധർമ്മം ചെയ്യൂ, നിൻറെ കവചകുണ്ഡലങ്ങൾ എനിക്ക് ദാനം ചെയ്യൂ.”
കർണ്ണൻ: “ഞാൻ ജനിച്ചത് ഈ കവചകുണ്ഡലങ്ങളോടുകൂടിയാണ്. ആരും എന്നോട് ഇതുവരെ ഇതാവശ്യപ്പെട്ടിട്ടില്ല. എന്നാൽ ഈ പ്രഭാതത്തിൽ സൂര്യനമസ്കാര വേളയിൽ അങ്ങ് ആവശ്യപ്പെട്ടിരിക്കുന്നു. പൂർണ്ണ മനസ്സോടെ ഞാൻ തരികയാണ് സ്വീകരിച്ചാലും.”
“പകരം ഈ വജ്രായുധം സ്വീകരിച്ചാലും” ബ്രാഹ്മണൻ പറഞ്ഞു.
ഇങ്ങനെ കർണ്ണൻ ഇന്ദ്രനിൽ നിന്ന് ശക്തിയുള്ള ആയുധം നേടി. പതിമൂന്നാം നാൾ യുദ്ധം വീണ്ടും ആരംഭിച്ചു. എന്നാൽ അത് പാണ്ഡവർക്കാപത്ത് വിളയിച്ചു. ദ്രോണർ കൗരവപ്പടയെ ചക്രവ്യൂഹത്തിൽ അണിനിരത്തി. മന്നൻ ജയദ്രഥൻ ചക്രവ്യൂഹത്തിന്റെ വാതിലിൽ നിന്നു. മുൻകൂട്ടി പദ്ധതിയിട്ടതുപോലെ ഒരുകൂട്ടം സൈനികർ അർജുനനെ ചുറ്റിവളഞ്ഞു. അതുകൊണ്ട് അർജുനൻ അവിടെനിന്നും മാറാൻ കഴിയാതെ യുദ്ധംചെയ്തു. പാണ്ഡവപ്പട ദ്രോണരുടെ ചക്രവ്യൂഹത്തിനെതിരെ നന്നേ കഷ്ടപ്പെട്ടു. എല്ലാ പാണ്ഡവവീരന്മാരും യുധിഷ്ഠിരൻ, ദൃഷ്ടദ്യുമ്നൻ, ശിഖണ്ഡി, നകുലൻ, വിരാടൻ തുടങ്ങിയവരും ചക്രവ്യൂഹം തകർക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ എല്ലാം ഭലമില്ലാതെ പോയി.
യുധിഷ്ഠരൻ അഭിമന്യുവിനോട് ചോദിച്ചു “അർജ്ജുന പുത്രാ അഭിമന്യൂ, അർജുനന് മാത്രമേ ചക്രവ്യൂഹം ഭേദിക്കാൻ സാധിക്കുകയുള്ളൂ. നിൻറെ പരാക്രമവും ബുദ്ധിയും ഉപയോഗിച്ച് ചക്രവ്യൂഹം തകർക്കുവാൻ കഴിയുമോ?”
“നിശ്ചയമായും ഞാൻ അകത്തു പ്രവേശിക്കും, പക്ഷേ എങ്ങനെ പുറത്തു വരണം എന്ന് എനിക്കറിയില്ല.”
യുധിഷ്ഠിരൻ: “നിൻറെ വഴിയിൽ മുന്നേറുക, ഞങ്ങളെല്ലാവരും നിൻറെ പുറകെ വരാം നിനക്ക് സംരക്ഷണവും തരാം.”
അഭിമന്യു ചക്രവ്യൂഹം ഭേദിച്ച് ചക്രവ്യൂഹത്തിനുള്ളിൽ കടന്നു. അവൻ അവിടെ കൗരവ വീരന്മാരാൽ ചുറ്റപ്പെട്ടു. എന്നാൽ അവൻ ഒറ്റയ്ക്ക് യുദ്ധം ചെയ്തു. കർണ്ണൻറെ പോർകവചത്തെ അവൻ ചിന്നിച്ചിതറിച്ചു. അഭിമന്യുവിൻറെ അസ്ത്രങ്ങൾ ശല്യരെ ബോധംകെടുത്തി. അതേസമയത്ത് ദുശാസനനും മറ്റും വ്രണപ്പെടുകയും ചെയ്തു. കർണ്ണൻറെ സഹായത്തിനായി പലരും എത്തിയെങ്കിലും അഭിമന്യു അവരെയൊക്കെ കൊന്നുകളഞ്ഞു. കർണ്ണൻ വളരെ വ്യാകുലനായി. ഇതുകണ്ടു ജയദ്രഥൻ ആ സ്ഥലത്തേക്ക് ഓടിച്ചെന്ന് ഭീമൻ, വിരാടൻ, യുധിഷ്ഠിരൻ, ദ്രുപദൻ, ശിഖണ്ഡി എന്നിവരെ ചക്രവ്യൂഹത്തിന്റെ വാതിലിൽ തടഞ്ഞുനിർത്തി. തുടർന്ന് കർണൻ അഭിമന്യുവിൻറെ വില്ലുകളും അമ്പുകളും ചിന്നഭിന്നമാക്കി. അതിനുശേഷം ആറ് മഹാരഥൻമാർ അഭിമന്യുവിനെതിരെ അസ്ത്രങ്ങൾ എയ്തു. ഒരു ചെറിയ യുദ്ധത്തിനുശേഷം തനിച്ചായിരുന്ന അഭിമന്യുവിനെ അവർ കൊന്നു. പാണ്ഡവർ ഞെട്ടിത്തരിച്ചു. ആഴ്ന്ന ദുഃഖത്തോടെ അന്നവർ കൂടാരത്തിലേക്ക് തിരിച്ചുപോയി. അർജ്ജുനൻ കൂടാരത്തിലേക്ക് മടങ്ങിയപ്പോഴാണ് ആ വാർത്തകേട്ടത്, അർജുനൻ ഞെട്ടിത്തരിച്ചു.
തുടരും…