മഹാഭാരതം കഥാരൂപത്തിൽ ഭാഗം-110

പാണ്ഡവർ ഹസ്തിനപുരത്തിലേക്ക് തിരിച്ചു വന്നു. അവിടെ പൊതുജനങ്ങൾ അവർക്ക് ഉത്സാഹപൂർവ്വം സ്വീകരണമൊരുക്കി. കിരീടധാരണാഘോഷവും നടന്നു. യുധിഷ്ഠിരൻ തൻറെ സഹോദരന്മാർക്കും മറ്റുള്ളവർക്കും പദവികൾ പങ്കുവെച്ചു. ഭീമൻ യുവരാജാവായി, വിദുരർ മന്ത്രിയായി, സഞ്ജയൻ ധനകാര്യങ്ങളുടെ ചുമതലയേറ്റു, അർജുനൻ സേനാനായകനായി, നകുലൻ യുദ്ധ വീരന്മാരുടെ നിർവ്വഹണകാര്യങ്ങളും, സഹദേവൻ രാജാവിൻറെ പ്രത്യേക കാവലിന്റെയും ചുമതലയേറ്റു. കൃഷ്ണൻ ജേഷ്ഠനായ ബലരാമനെ തേടി കാട്ടിലേക്ക് പോയി.

കൃഷ്ണൻ അവിടെ ധ്യാനത്തിലിരിക്കുമ്പോൾ ജര എന്ന വേടൻ അതിലെ കടന്നു പോകാനിടയായി. അവൻ കൃഷ്ണൻറെ കാലുകൊണ്ട് മാനാണെന്ന് തെറ്റിദ്ധരിച്ച് അമ്പെയ്തു. അമ്പ് കൃഷ്ണൻറെ കാലിൽ തുളച്ചു കയറി. ജര അരികിൽ വന്ന് പറ്റിയ അബദ്ധം മനസ്സിലാക്കി കൃഷ്ണനോട് മാപ്പ് ചോദിച്ചു. ജരക്ക് ആശ്വാസവാക്കുകൾ നൽകി കൃഷ്ണൻറെ ആത്മാവ് ശരീരം വെടിഞ്ഞ് മുകളിലേക്ക് പോയി. ഇങ്ങനെ ഭഗവാൻ കൃഷ്ണന്റെ അവതാരം അവസാനിച്ചു.

അതിനുള്ളിൽ കൃഷ്ണൻറെ തേരാളി ഹസ്തിനപുരത്തിലെത്തി കൃഷ്ണനെ കാണാനില്ലെന്ന വാർത്തനൽകി. ഉടനെ അർജുനൻ ദ്വാരകയിലേക്ക് ചെന്നു. ഏഴു ദിവസം അവൻ അവിടെ കഴിഞ്ഞു. അന്നൊരിക്കൽ കൃഷ്ണൻറെ അച്ഛൻ വസുദേവർ മരണമടഞ്ഞു. അർജുനൻ അദ്ദേഹത്തിന് അവസാന ക്രിയകൾ ചെയ്തു. അവൻ കൃഷ്ണനേയും ബലരാമനേനും തേടി. എന്നാൽ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവർ ദിവംഗതരായി എന്നൂഹിച്ചു. ഏഴു ദിവസങ്ങൾക്കു ശേഷം അവൻ ദ്വാരകയിലെ ജനങ്ങളെ ഇന്ദ്രപ്രസ്ഥത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അർജുനൻ മനസമാധാനമില്ലാതെ വേദനിച്ചു.

അവൻ വേദവ്യാസനെ കണ്ടു. “അർജുനാ നിനക്കെന്താണ് വിഷമം പറയൂ.”

“കൃഷ്ണനും ബലരാമനും മരിച്ചു പോയതിനാൽ യാദവകുലം മുഴുവനും നശിച്ചുപോയി. ആ നഷ്ടം എന്നെ വല്ലാതെ ദുഃഖിപ്പിക്കുന്നു.”

“വ്യസനിക്കാതെ അർജുനാ അവരുടെ മരണം ചില ശാപങ്ങൾകൊണ്ട് സംഭവിച്ചതാണ്. നിങ്ങൾ പാണ്ഡവർ എല്ലാവരും ഈ ഭൂമിയിൽനിന്നു തിരിച്ചുപോകേണ്ട സമയമായിരിക്കുന്നു. നിങ്ങൾക്കു തന്നിരിക്കുന്ന ചുമതല അവസാനിച്ചു.” വേദവ്യാസൻ പറഞ്ഞു.

അർജ്ജുനൻ എല്ലാം മനസ്സിലാക്കി, അവൻ ഹസ്തിനപുരത്തിലേക്ക് തിരിച്ചുപോയി യുധിഷ്ഠിരനോട് സംഭവിച്ചതെല്ലാം പറഞ്ഞു. യുധിഷ്ഠിരനും വിധി പോലെ നടക്കാൻ തീരുമാനിച്ചു. അദ്ദേഹം പരീക്ഷിത്തിനെ ഹസ്തിനപുരത്തിലെ രാജാവായി നിയമിച്ചു. പിന്നെ മരവുരികൾ വസ്ത്രമാക്കി പാണ്ഡവർ തങ്ങളുടെ സ്വർഗ്ഗാരോഹണ യാത്ര ആരംഭിച്ചു. ആ യാത്ര തങ്ങളുടെ ജീവിതത്തിലെ അവസാനത്തെ യാത്രയായി അവർ കരുതി. ഒരു നായ അവരെ പിന്തുടർന്നു വന്നു. അൽപ ദൂരംചെന്നപ്പോൾ ദ്രൗപതി താഴെവീണു. അവൾ അന്ത്യശ്വാസം വലിച്ചു.

തുടരും…

 

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു