ശാഖയില്‍ ഒരുദിവസം പോയില്ലെങ്കില്‍ അടുത്ത ദിവസം മുഖ്യ ശിക്ഷകന് കാരണം തിരക്കാറുണ്ട്. പല സ്വയംസേവകരും ഉള്ള കാര്യം ചിലപ്പോള്‍ പറയാറില്ല.
ഒരിക്കല്‍ ശാഖയില്‍ എത്താതിരുന്ന സ്വയംസേവകരോട് ഡോക്ടര്‍ ജി കാരണം അന്വേഷിച്ചപ്പോള്‍ അവര്‍ വസ്തുതാപരമല്ലാത്ത കാരണങ്ങള്‍ പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. അങ്ങനെ തന്റെ ഒരു ജീവിതാനുഭവം അദ്ദേഹം അവരോട് വിവരിച്ചു. ഡോക്ടര്‍ ജി നാഗ്പൂരില്‍ സ്വാതന്ത്ര്യ എന്ന ഒരു വാരിക നടത്തിയിരുന്നു. ആ വാരികയിലൂടെ അദ്ദേഹം സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വാരികയുടെ പത്രാധിപരും സഹപത്രാധിപരും അതിന്റെ കാര്യത്തിനായി ദിവസവും കാര്യാലയത്തില്‍ എത്തുമായിരുന്നു. ഒരിക്കല്‍ സഹപത്രാധിപര്ക്ക് തന്റെ ഒരു സുഹൃത്തിനോടൊപ്പം മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ ഉച്ചഭക്ഷണത്തിന് പോകണമായിരുന്നു. എന്നാല്‍ ഈ കാര്യത്തിനു പകരം, തനിക്കു വയറു വേദന ആയതിനാല്‍ ലീവ് അനുവദിക്കണം എന്നൊരു അപേക്ഷ കാര്യാലയത്തിലെ മേശപ്പുറത്തു വച്ച് അയാള്‍ സുഹൃത്തിനെയും കൂട്ടി ഉച്ചഭക്ഷണത്തിനായി മറ്റേ സുഹൃത്തിന്റെ വീട്ടില്‍ പോയി.
മേശപ്പുറത്തു വച്ചിരുന്ന കത്ത് വായിച്ച ഡോക്ടര്‍ജിക്ക് തന്റെ മിത്രം കൂടിയായ സഹപ്രവര്‍ത്തകന്റെ അസുഖത്തെ കുറിച്ചോര്‍ത്ത് ഉല്‍ക്കണ്ഠ തോന്നി. തന്റെ പരിചയക്കാര്‍ക്ക് ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ അവരെ പരിചരിക്കുക, അവര്‍ക്കു വേണ്ട മരുന്ന് എത്തിച്ചു കൊടുക്കുക എന്നത് ഡോക്ടര്‍ ജിയുടെ പതിവായിരുന്നു. അതുകൊണ്ട് സഹപ്രവര്‍ത്തകന്റെ അസുഖത്തെ കുറിച്ച് അന്വേഷിക്കാന്‍ അദ്ദേഹം അയാളുടെ വീട്ടിലെത്തി. യഥാര്‍ഥ വിവരങ്ങള്‍ തന്റെ സഹധര്‍മ്മിണിയെ സഹപത്രാധിപര്‍ അറിയിച്ചിരുന്നില്ല. അതുകൊണ്ട്, ഭര്‍ത്താവ് സുഹൃത്തിനൊപ്പം മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ ഉച്ചഭക്ഷണത്തിന് പോയതാണെന്ന് അവര്‍ സ്വാഭാവികമായും ഡോക്ടര്‍ജിയോട് പറഞ്ഞു.
ആ വീടും ഡോക്ടര്‍ജിക്ക് നല്ല പരിചയമുള്ളതായിരുന്നു. ഡോക്ടര്‍ ജി അവിടേക്കു ചെന്നു. ഡോക്ടര്‍ജിയെ കണ്ടതും ഗൃഹനാഥന് അദ്ദേഹത്തെ അകത്ത് സ്വീകരിച്ചിരുത്തി. അകത്തേക്ക് പ്രവേശിച്ചപ്പോള്‍ സഹപത്രാധിപരും സുഹൃത്തും മറ്റും, കളിയും തമാശയും പറഞ്ഞ് രസിക്കുന്ന രംഗമാണ് കണ്ടത്. സഹപത്രാധിപരോട് ലീവ് അപേക്ഷിച്ചെഴുതിയ കത്തിനെ കുറിച്ചൊന്നും ഡോക്ടര്‍ജി പറഞ്ഞില്ല. യാതൊന്നും സംഭവിക്കാത്ത മട്ടില്‍ എല്ലാവരോടും കുശലാന്വേഷണം നടത്തി ചായയും കുടിച്ച് ഡോക്ടര്‍ ജി അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി. എന്നാല്‍ സഹപത്രാധിപര്ക്ക് തീവ്രമായ കുറ്റബോധം തോന്നി. അയാള്‍ ഇത്തരമൊരു തെറ്റ് പിന്നീട് ഒരിക്കലും ആവര്‍ത്തിച്ചില്ല. സംഭവം കേട്ട സ്വയം സേവകരെ സംബന്ധിച്ച് ഒരുപക്ഷേ ആയിരം ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ പോലും കിട്ടാത്ത ഗുണപാഠമാണ് ലഭിച്ചത്. തങ്ങളുടെ മനസിലെ കാപട്യത്തെ അവര്‍ തിരിച്ചറിയുകയും അടുത്ത ദിവസം തൊട്ട് നിത്യേന ശാഖയിലെത്തുകയും ചെയ്തു.
ഗോപാല്‍ ജി