പൊതുനിരത്തിലൂടെ പെരുങ്കള്ളനെ രാജസന്നിധിയിലേക്കു നടത്തിക്കൊണ്ടുപോകുന്നു. രാജസന്നിധിയില്‍ വെച്ച് കള്ളനുള്ള ശിക്ഷ വിധിക്കാന്‍ പോവുകയാണ്.
നിരത്തിലാകെ കള്ളനെ കാണാനും കൂകി വിളിക്കാനും ജനങ്ങള്‍ കൂടിയിരിക്കുകയാണ്. ഇരുകൈകളും ചങ്ങലയാല്‍ ബന്ധിതനായ പെരുങ്കള്ളന്‍ തല കുനിച്ച് രാജസേനയോടൊപ്പം നടന്നുപോകുന്നു.
ബന്ധനസ്ഥനാക്കി പെരുങ്കള്ളനെ നടത്തിക്കൊണ്ടുപോകുന്നതു കണ്ടു ഹൃദയഭേദകമായ രീതിയില്‍ കരഞ്ഞുകൊണ്ട് കള്ളന്റെ അമ്മ ആള്‍ക്കൂട്ടത്തിനിടയിലൂടെ അലറി വിളിച്ചു മുന്നോട്ടു വന്നു.
മുന്നില്‍ നടന്നു പോകുന്ന മന്ത്രിയുടെ കാലുകളിലേക്കു ഓടി വന്നു വീണ കള്ളന്റെ അമ്മ വിലപിച്ചു. ‘മന്ത്രിശ്രേഷ്ഠാ, എന്റെ മകനോട് പൊറുക്കേണമേ…ഈ വാര്‍ദ്ധക്യത്തില്‍ ഇവനല്ലാതെ എനിക്കു വേറെ ആരും തുണയില്ലേ..അവനെശിക്ഷിക്കരുതേ…’
തന്റെ അമ്മ മന്ത്രിയുടെ കാല്‍ക്കല്‍ വീണു കരയുന്നതു കണ്ട പെരുങ്കള്ളന്‍ മന്ത്രിയോടായി പറഞ്ഞു…
“അല്ലയോ മന്ത്രീ..അങ്ങു എന്നെ ശിക്ഷിക്കുന്നതിനു പകരം ആദ്യം ശിക്ഷിക്കേണ്ടത് എന്റെ ഈ അമ്മയെത്തന്നെയാണ്. ചെറുപ്പത്തില്‍ ഞാന്‍ അയല്‍വീടുകളില്‍ നിന്നും ചെറിയ ചെറിയ സാധനങ്ങള്‍ മോഷ്ടിച്ചു കൊണ്ടുവന്നപ്പോള്‍, എന്നെ ഒന്നു ശാസിക്കാതെ, ഒരു തവണയെങ്കിലും ശിക്ഷിക്കാതെ, അതെല്ലാം സന്തോഷത്തോടെ വാങ്ങി വെച്ച് എന്നെ ഒരു പെരുങ്കള്ളനാക്കിയതു എന്റെ മാതാവാണ്…അതുകൊണ്ട് എന്നേക്കാള്‍ മുന്നെ അങ്ങ് എന്റെ അമ്മയെ ശിക്ഷിച്ചാലും..”