ധ്വജവന്ദനം – അരുണോദയം പോലെ

അരുണോദയം പോലെ മിന്നിത്തിളങ്ങി
വാനിൻ്റെ നീലിമയില്‍ പൊങ്ങിത്തുടങ്ങി
തത്വജ്ഞാനാദികള്‍ കൈകോര്‍ത്തിണങ്ങി
“സത്യം വദ ധര്‍മം ചര’ തത്വം വിളങ്ങി

സിന്ധുതടത്തിങ്കല്‍ വേദധ്വനി പൊങ്ങി
ഗംഗാതടത്തിങ്കല്‍ ഹോമപ്പുക പൊങ്ങി
സര്‍വം തൃജിച്ചും വിപിനത്തെ തേടി
ഭക്തിപ്രദ മുക്തിപ്രദ ഭഗവധ്വജമേന്തി

വിശ്വചരിത്രത്തിന്‍ ദൃക്സാക്ഷിയായി
വിജയാന്ധന്മാര്‍ക്കെല്ലാമന്തകനായി
വിജ്ഞാനക്കോവിലിന്‍ പൊന്‍ദീപമായി
വിലസുന്നൊരു ഭഗവധ്വജമുലകിന്‍ ഗുരുവായി

വീരകുലാംഗനകള്‍ തീയില്‍ പതിച്ചും
ധീരപടയാളികളടരില്‍ മരിച്ചും
ഭാരതവിക്രമികള്‍ സര്‍വം ത്യജിച്ചും
അവര്‍ നിന്‍പുകളണുവെങ്കിലുമണയാതെ നിര്‍ത്തി

സ്വാതന്ത്യസമരത്തില്‍ ചെഞ്ചോരചിന്തി
മൃത്യുവരിച്ചവരുടെ ചേതനയുടെ കാന്തി
നവ്യപ്രഭാതത്തിന്‍ ചെങ്കതിരൊളിയേന്തി
നവമര്‍മ്മരരവമമ്പോടരുളുന്നൊരു ശാന്തി

സര്‍വം തൃജിക്കാന്‍ മരണം വരിക്കാന്‍
സര്‍വസ്വം നിന്‍കാല്‍ക്കലര്‍പ്പണം ചെയ്യാന്‍
പൂര്‍വജന്മാര്‍തന്നഭിമാനം കാക്കാന്‍
നവഭാരത യുവസൈനികരണിയണിയായ്‌ നില്‍പൂ

ഉയരുക നീ ജ്ഞാനത്തിന്‍ പൊന്‍കതിരൊളി വീശാന്‍
ഉയരുക നീ വീരരെ വിളിച്ചു വരുത്താന്‍
ഉയരുക നീ വിശ്വത്തില്‍ ശാന്തി പരത്താന്‍
പാരിന്നിരുള്‍ നീക്കി പുനര്‍ജ്ഞാനം വരുത്താന്‍. (അരുണോദയം)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു