പണ്ട് പണ്ട് മനുഷ്യർക്കും ദൈവങ്ങളെപ്പോലെ ഉള്ള ദൈവീകമായ ശക്തികൾ ഉണ്ടായിരുന്നത്രെ . എന്നാൽ മനുഷ്യൻ ആ ശക്തികൾ ദുർവിനിയോഗം ചെയ്യും എന്ന ഒരു പേടി ദേവ രാജാവായ ഇന്ദ്രനുണ്ടായി. ഇന്ദ്രൻ ഉടൻ തന്നെ സൃഷ്ടി കർത്താവായ ബ്രഹ്‌മാവിനെ ചെന്ന് കണ്ടു തന്‍റെ സംശയം പറഞ്ഞു. എന്നാൽ ബ്രഹ്മ ദേവൻ ആദ്യം അത് അംഗീകരിച്ചില്ല എങ്കിലും ബുദ്ധിമാനായ ഇന്ദ്രൻ ഒടുവിൽ ബ്രഹ്‌മാവിനെ ഇക്കാര്യം പറഞ്ഞു സമ്മതിപ്പിച്ചു. ഒടുവിൽ ബ്രഹ്‌മാവു ചോദിച്ചു. ശരി ആ ശക്തികളെല്ലാം നമ്മുക്ക് തിരിച്ചെടുത്തേക്കാം എന്നാൽ അങ്ങിനെ എടുക്കുന്ന ശക്തികൾ നാം എവിടെ ഒളിപ്പിച്ചു വയ്ക്കും.ഇന്ദ്രനും അപ്പോളാണ് അതിനെ കുറിച്ച് ഓർത്തത്.ഇന്ദ്രൻ പറഞ്ഞു. നമ്മുക്ക് ആ ശക്തികളെ സമുദ്രത്തിനടിയിൽ ഒളിപ്പിച്ചാലോ. ബ്രഹ്‌മാവു പറഞ്ഞു.അത് പറ്റില്ല മനുഷ്യൻ ബുദ്ധിമാനാണ് അവൻ നാളെ സമുദ്രത്തിനടിയിൽ എത്താനുള്ള മാർഗം കണ്ടുപിടിച്ചാൽ ഈ ശക്തികളെല്ലാം വീണ്ടും അവൻ തിരിച്ചെടുക്കും. എന്നാൽ നമ്മുക്ക് മറ്റു ഗ്രഹങ്ങളിലേക്കു കൊണ്ടുപോയി ഒളിപ്പിച്ചാലോ എന്നായി ഇന്ദ്രൻ. അപ്പോളും ബ്രഹ്മദേവൻ പറഞ്ഞു അതും എന്നെങ്കിലും മനുഷ്യൻ ഗ്രഹങ്ങളിൽ എത്തിച്ചേരാനിടയായാൽ അവൻ അതും കണ്ടുപിടിക്കും. രണ്ടു പേരും വളരെ ഏറെ ആലോചിച്ചിട്ടും ഈ ശക്തികൾ ഒളിപ്പിച്ചു വയ്ക്കാനുള്ള സ്ഥലം കിട്ടിയില്ല. ഒടുവിൽ ബ്രഹ്മ ദേവൻ പറഞ്ഞു. നമ്മുക്ക് ഈ ശക്തികൾ മനുഷ്യന്‍റെ ഉള്ളിൽ തന്നെ ഒളിപ്പിച്ചാലോ .അതാവുമ്പോൾ അവൻ ഒരിക്കലും അവനിലേക്ക് തിരിഞ്ഞു നോക്കില്ല. ഒരിക്കലും അവൻ അത് കണ്ടുപിടിക്കുകയും ഇല്ല . ഇന്നും മനുഷ്യൻ ആ ശക്തി തേടി അലയുന്നു. അവനിൽ അത് ഒളിഞ്ഞിരിപ്പുണ്ട് എന്നത് ഓർക്കാതെ. ആ ശക്തിയെ തിരിച്ചറിഞ്ഞവരാണ് നമ്മുടെ ഋഷി പരമ്പരയിൽ പെട്ടവർ . അതുകൊണ്ടു നമ്മിൽ ഇല്ലാത്തതായി ഒന്നുമില്ല എന്ന് അറിയുക. നമ്മിലുള്ളതിനെ തേടി നാം അലയതിരിക്കുക. നാം എന്ത് തേടി ആണ് അലയുന്നത് അതിനുള്ള മാർഗം നമ്മിൽ തന്നെ ഉണ്ട് എന്നതറിയുക. നമ്മുക്ക് സമാധാനമില്ലേ അത് കിട്ടാൻ നാം എങ്ങും അലയേണ്ട അത് നമ്മിൽ തന്നെ ഉണ്ട്. അതിനെ നാം കണ്ടെത്തിയാൽ മതി.