ഗുരുജി പറഞ്ഞ കഥകൾ – സാധനയുടെ മഹത്വം

നമ്മള്‍ നിത്യജീവിതത്തില്‍ പല രംഗങ്ങളില്‍ പലതരക്കാരുമായി ഇടപഴകാറുണ്ട്‌. തന്മൂലം നമ്മുടെ ജിവിതത്തില്‍-മനസ്സില്‍, പല മാലിന്യങ്ങള്‍ കടന്നുകൂടുവാന്‍ സാധ്യതയുണ്ട്‌. ഇവയില്‍ നിന്നെല്ലാം മുക്തമായി മനസ്സിനെ ശുദ്ധമാക്കി നിര്‍ത്താന്‍ എല്ലാവരും പരിശ്രമിക്കണം. ശ്രീരാമകൃഷണപരമഹംസന്റെ ജീവിതത്തിലെ ഒരു സംഭവം നല്ല ഉദാഹരണമാണ്‌.

ശ്രീരാമകൃഷണദേവന്റെ ഗുരു തോത്താപുരി എന്ന മഹാത്മാവായിരുന്നു. ബ്രഹ്മജ്ഞാനിയായിരുന്ന അദ്ദേഹം തന്റെ ദൈനം ദിന നിഷ്ഠകളില്‍ വളരെ ശ്രദ്ധാലുവായിരുന്നു. ഒരിക്കല്‍ ശ്രീരാമകൃഷണപരമഹംസന്‍ അദ്ദേഹത്തോട് ചോദിച്ചു ”സ്വാമിജീ, അങ്ങ്‌ പുണ്യാത്മാവാണ്‌. ഈശ്വരതുല്യനാണ്‌. എന്നിട്ടും അങ്ങ്‌ പൂജകള്‍ക്ക്‌ സമയം ചെലവഴിക്കുന്നതിന്റെ ആവശ്യമെന്താണ്‌?” തോത്താപുരി സ്വാമികള്‍ മറുപടി പറഞ്ഞു. “നിന്റെ ചോദ്യം ശരിയാണ്‌. പക്ഷേ എല്ലാം അറിഞ്ഞവന്‍ എന്ന ബോധം എന്നില്‍ ഇല്ല. അത്തരം ചിന്ത ശരിയുമല്ല. കണ്ടില്ലേ, എന്റെ വെള്ളമെടുക്കുന്ന മൊന്ത. എന്തു തിളക്കമാണ്‌ അതിന്‌! അതില്‍ മുഖം പോലും നോക്കാം. അത്ര വൃത്തിയുണ്ട്‌. ഞാന്‍ നിത്യവും കഴുകി വൃത്തിയാക്കുന്നതുമൂലമാണത്‌. അത്‌ കഴുകാതിരുന്നാല്‍ ക്രമേണ ക്ലാവ്‌ പിടിക്കും. വെള്ളം മലിനമാകും. അത്‌ ഉപയോഗശൂന്യമാകും. മനുഷ്യമനസ്സും അങ്ങനെയാണ്‌. അതിനെ പവിത്രവിചാരം കൊണ്ട്‌ സദാ സര്‍വദാ ശുദ്ധമാക്കി വയ്‌ക്കണം. അതുകൊണ്ട്‌ എന്റെ നിത്യാനുഷ്ഠാനങ്ങളില്‍ ഞാന്‍ ശ്രദ്ധാലുവാണ്‌.”

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു