ചഞ്ചലമാനസ, ചപലത നീക്കൂ
നിശ്ചലനിഷ്ഠ വളർത്തൂ നീ
മരണം തന്നെ നേരിട്ടാലും
മലയൊടുതുല്യം നില്ക്കൂ നീ
കരിമുകിൽ മാലകൾ പോലെ വിപത്തിൻ കരിനിഴൽ നീളെ നിരന്നാലും
ആശാകിരണം കൈവെടിയരുതേ
സോദര, ഭീരുത തേടരുതേ
(ചഞ്ചല മാനസ)
ഭീകരജീവിത സംഗ്രാമത്തിൻ
ഭീഷണഭേരി മുഴങ്ങുമ്പോൾ
സാഥികൾ നിന്നെ കൈവിട്ടാലും കേവലമൊറ്റയ്ക്കടരാടൂ
(ചഞ്ചല മാനസ)
ബന്ധുജനാവലി തന്നെ മുന്നിൽ
ഹന്ത! ചെറുക്കാൻ നിന്നാലും
കർത്തവ്യത്തിൻ കരവാളേന്തി സത്യപഥത്തിൽ പോകൂ നീ
(ചഞ്ചല മാനസ)
സ്വാർത്ഥസുഖത്തിൻ കാമനയെല്ലാം വെണ്ണീറായിപ്പോയാലും
പുഞ്ചിരിയോടെ ജീവിതമഖിലം ധന്യതകൊണ്ടു നിറയ്ക്കൂ നീ
(ചഞ്ചല മാനസ)
ധന്യപുരാതന പാരമ്പര്യം
ചിന്തിച്ചഭിമാനിക്കൂ നീ
ധ്യേയപ്രാപ്തിക്കചലമനസ്സായ് ജീവിതമാഹുതി ചെയ്യൂ നീ
(ചഞ്ചല മാനസ)