സ്വയംസേവകന് എന്ന പദത്തിന്റെ അര്‍ഥം. ഡോക്ടര്‍ജിയില്‍ നിന്നാണ് ജനം മനസ്സിലാക്കിയത്. അതുവരെ ജനങ്ങളുടെ ധാരണ കൂലി വാങ്ങാതെ സംഘടനകളുടെ സമ്മേളനത്തില്‍ കസേര, മേശ മുതലായവ പിടിച്ചിടുന്നവനെന്നോ പന്തലൊരുക്കുന്നവനെന്നോ ആയിരുന്നു.
നാഗ്പുരില്‍ ഗുലാം മുഹമ്മദ് എന്ന ഗുസ്തിക്കാരനുണ്ടായിരുന്നു. ഫയല്വാന് എന്ന നിലയില്‍ ഒരിക്കല്‍ അയാള്‍ ഗുസ്തി മത്സരത്തിന് വിദേശത്ത് പോയി. അവിടെ സാന്റോ എന്ന പ്രസിദ്ധനായ ഒരു ഫയല്വാന് ഉണ്ടായിരുന്നു. രണ്ടുപേരും തമ്മിലുള്ളഗുസ്തി മത്സരം നിശ്ചയിച്ചു.
ബലിഷ്ഠനും പരാക്രമിയുമായിരുന്നു എങ്കിലും സാന്റോ ആദ്യ റൗണ്ടില്‍ത്തന്നെ പരാജയപ്പെട്ടു. കാരണം ഗുലാം മുഹമ്മദ് കൗശലക്കാരന് ആയിരുന്നു. സാന്റോ പറഞ്ഞു: “ഇയാള്‍ ഭാരതത്തിലെ ജാലവിദ്യക്കാരനാണ്.’” രണ്ടാം റണ്ടിലും സാന്റോ പരാജയപ്പെട്ടു. അയാള്‍ക്ക് പരാജയം സമ്മതിക്കാന്‍ വിഷമമായിരുന്നു. അയാള്‍ വ്യായാമത്തിനും വെയ്റ്റ്ലിഫ്ടിങ്ങിനും ഉപയോഗിക്കുന്ന സാധനങ്ങള്‍ കൊണ്ടുവന്ന് ഗുലാം മുഹമ്മദിന്റെ മുമ്പില്‍ വെച്ചു. എന്നിട്ട് അതു പൊക്കുവാന്‍ ആവശ്യപ്പെട്ടു.
ഗുലാം മുഹമ്മദ് പറഞ്ഞു: “ഞാനെന്താ ചുമടുതൊഴിലാളിയോ ഇതെല്ലാം പൊക്കാന്‍? ഞാന്‍ ഗുസ്തിക്കാരനാണ്. കനമുള്ള സാധനങ്ങള്‍ പൊക്കുന്നതും ഇറക്കുന്നതും ഞങ്ങളുടെ നാട്ടില്‍ ചുമടുതൊഴിലാളികളാണ്. അത് എന്റെ പണിയല്ല. നമുക്ക് ഗുസ്തി വേണമെങ്കില്‍ ഒന്നുകൂടി പരീക്ഷിക്കാം.” തന്നെ ചുമടുതൊഴിലാളി എന്ന് പരോക്ഷമായി വിശേഷിപ്പിച്ചതില്‍ നീരസം തോന്നിയെങ്കിലും സാന്റോ ഒന്നും മിണ്ടിയില്ല.
സ്വയംസേവകന് പടുപണി എടുക്കുന്നവനല്ല. സംഘടനാകുശലത അറിയുന്നവനാണ്. അവന് എവിടെ ഏതു പരിതസ്ഥിതിയിലും ശാഖ തുടങ്ങും. സംഘകാര്യം സാമര്‍ഥ്യത്തോടെ ചെയ്യും.