ശ്രീരാമകൃഷ്ണപരമഹംസന്‍ ഒരു ശിഷ്യനുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം ശിഷ്യനോട് പറഞ്ഞു: സര്‍വചരാചരങ്ങളിലും ഈശ്വരന്‍ കുടികൊള്ളുന്നു. സര്‍വവും നാരായണന്റെ പ്രതിരൂപമാണ്. ശിഷ്യന്‍ ഇത് മനസ്സില്‍ കുറിച്ചിട്ടു. ഒരു ദിവസം അയാള്‍ വിജനമായ വഴിയിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന് എതിരെ നിന്ന് ഒരാന വരുന്നതു കണ്ടു. അതിന്റെ പുറത്തിരുന്ന് ആനക്കാരന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു, “വഴിമാറു, വഴിമാറു, ആനയ്ക്ക് മദംപൊട്ടി.”” ശിഷ്യന്റെ മനസ്സില്‍ ഗുരുവാക്യം ഓര്‍മവന്നു. ഓടിവരുന്ന “ആനനാരായണ”നെ കണ്ട് ശിഷ്യന്‍ പ്രണമിച്ചു. അടുത്തുവന്ന ആന തുമ്പിക്കൈ കൊണ്ട് ശിഷ്യനെ ചുഴറ്റി എറിഞ്ഞു. ചില്ലറ പരിക്കുകളോടെ രക്ഷപ്പെട്ട ശിഷ്യന്‍ ഓടി ശ്രീരാമകൃഷ്ണ സന്നിധിയില്‍ എത്തി പരാതി
പറഞ്ഞു. ശ്രീരാമകൃഷ്ണദേവന്‍ ചോദിച്ചു. “ശരി തന്നെ, നീ ആനനാരായണനെ വന്ദിച്ചു. പക്ഷേ അതിന്റെ
പുറത്തിരുന്ന ആനക്കാരന്‍ നാരായണനെ എന്തേ വകവച്ചില്ല?”
കേട്ട കാര്യങ്ങള്‍ അക്ഷരാര്‍ഥത്തില്‍ പ്രയോഗിക്കുമ്പോഴാണ് ഇത്തരം മണ്ടത്തരം പറ്റുക. ഇന്ന് നമ്മുടെ നാട്ടിലെ സ്ഥിതിയും ഇതുപോലെയായിരിക്കുന്നു.