ഉദാത്തമായൊരു ലക്ഷ്യം വേണം നമുക്ക് മുന്നേറാൻ
മഹത്വമാർന്നൊരു മാതൃക വേണം നമുക്ക് പിൻതുടരാൻ
മുളയ്ക്കുമപ്പോളഗ്നിച്ചിറകുകളതീവ ശക്തങ്ങൾ
വിദൂരതേജോ ലോകങ്ങളിലും പറന്നു ചെന്നീടാൻ
( ഉദാത്ത )
അസാദ്ധ്യമാവില്ലൊന്നും മർത്ത്യനു മനസ്സുവെച്ചീടിൽ
പ്രസുപ്ത ശക്തി സ്രോതസ്സുകളെ തുറന്നു വിട്ടീടിൽ
ജഢത്വമല്ലാ നമ്മളിലുള്ളതു വിശുദ്ധ ചൈതന്യം
നമുക്ക് മൂന്നിട വയ്ക്കാൻ പോരീ പ്രപഞ്ചമൊട്ടാകെ
( ഉദാത്ത )
വിലാപമെന്തിന് ദുർഭല ഭാവം ത്യജിച്ചു മുന്നേറൂ
വിളിച്ചുണർത്തൂ സുപ്ത പരാക്രമമുഗ്രതപസ്സാലെ
തപോവിശുദ്ധിക്കടിപറയാതില്ലൊരൊറ്റ വൈഭവവും
നമുക്ക് വേണ്ടത് ജഗദാരാദ്ധ്യം സ്വരാഷ്ട്ര സാമർത്ഥ്യം
( ഉദാത്ത )
ഭയപ്പെടായ്കീ രൗദ്രത കാട്ടും ദാനവശക്തികളെ
ഭ്രമിച്ചിടായ്കീ ലാവണ്യപ്പൊന്നണിഞ്ഞ വഞ്ചനയിൽ
നമുക്കു ലക്ഷ്യം ധ്രുവതാരം പോലചഞ്ചലം ദീപ്തം
സമസ്ത മാനവരാശിക്കുയരാൻഇതേ സമുജ്ജ്വല മാർഗ്ഗം
( ഉദാത്ത )