ഉണരൂ കൂട്ടരേ കൈവിടൂ മടി കേൾപ്പിക്കാം കഥ കേൾക്കൂ
പുണ്യ വർഷമാമമ്പത്തേഴിലെ പുളകം കൊള്ളിക്കും കഥകൾ
വന്ദ്യ ജനനിതൻ കാൽ വിലങ്ങുകൾ പൊട്ടിടും വന്മുഴക്കം
പൊങ്ങിടുന്നിതാ ധീരയോദ്ധർതൻ ജയ ജയാരവഘോഷം
അലറുമുണ്ടകൾ മുരളും വാളുകൾ കുതികുതിക്കുന്നൊരമ്പും
എവിടെയെവിടെയും ഉടനുയർന്നിതാ നടനമാടിടും സുദിനം
ആളിക്കത്തിപ്പോയ് ആളിക്കത്തിപ്പോയ് സ്വാതന്ത്ര്യാഗ്നിതൻ ജ്വാല
നഗരനഗരികൾ ഗ്രാമഗ്രാമങ്ങൾ തോറുമിത്തീയിൻ ജ്വാല
രുധിരമാണ്ടതാ വൈരി വൃന്ദത്തിൻ ധവള കണ്ഠങ്ങൾ വീണു
ജനനിതൻ വിരിമാറിടത്തിങ്കൽ വൈരമാലയായ്ത്തീർന്നു
കതിര മേലതാ ചടുല വേഗത്തിൽ വന്നു ഝാൻസി തൻ റാണി
വിഗത ഭീതയായ് സമരരംഗത്തിൽ ഉടനെവന്നതാ ചാടി
സതതധീരനാം നാനാ സാഹേബിൻ സമരപാടവം കാണ്മൂ
കഠിന യുദ്ധത്തിൻ ഫലമിതാ വെള്ളപ്പടകൾ ചത്തൊടുങ്ങുന്നു
കഴുവിലേറ്റിന താന്തിയാതോപ്പേ സ്മരണകൊണ്ടു നാം കാൺകെ
നയനമാകവേ നനയുന്നില്ലയോ ഹൃദയവേദനയാലേ…
കരുണമാംകഥ കരയിക്കും കഥ ഇവിടെ ഞാനിതാ നിർത്താം
കരയരുതാരും ഹൃദയപുഷ്പത്താൽ അവരെ പൂജിക്കാൻ പോരൂ…. (ഉണരു)