ഒരിക്കലും നമ്മുടെ നാട് ജഡവസ്തുവല്ല. സന്താനങ്ങളായ നമുക്ക് ജീവതേജസ്സുറ്റ ദിവ്യമാതാവാണ്.
സ്വാമി വിവേകാനന്ദന് ഇംഗ്ലണ്ട് വിടുമ്പോള്‍ ഒരു ഭക്തന് ചോദിച്ചു; ഇപ്പോള്‍ ഭാരതത്തെക്കുറിച്ച് എന്തു തോന്നുന്നു?” അദ്ദേഹം ഉത്തരം നല്കി, “മുമ്പ് ഞാന്‍ ഭാരതത്തെ സ്നേഹിച്ചിരുന്നു. ഇന്നിപ്പോള്‍
ഭാരതത്തിലെ ഓരോ തരി മണ്ണും എനിക്ക് അത്യധികം പവിത്രമാണ്. അതെനിക്ക് പുണ്യതീര്ഥസ്ഥാനമായി മാറിയിരിക്കുന്നു.”
സ്വാമി വിവേകാനന്ദന് പാശ്ചാത്യനാടുകളിലെ വിജയകരമായ പര്യടനത്തിനുശേഷം ഭാരതത്തില്‍ മടങ്ങിയെത്തി. ആ അവസരത്തില്‍ ഹൃദയസ്പൃക്കായ ഒരു സംഭവമുണ്ടായി. ഭാരതത്തില്‍ വലിയൊരു ജനക്കൂട്ടം സ്വാമിജിക്ക് വീരോചിതമായ സ്വീകരണം നല്കി. കപ്പലില്‍ നിന്നും കരയ്ക്ക് ഇറങ്ങിയപ്പോള്‍ ഇടിമുഴക്കം പോലുള്ള ജയഘോഷത്തോടെയാണ് ജനാവലി അദ്ദേഹത്തെ എതിരേറ്റത്. സ്വാമിജി ശാന്തനായി ഭൂമിയില്‍ നമസ്കരിക്കുകയും മണ്ണുവാരി ശരീരമാകെ പുശുകയും ചെയ്തു. ഇതു കണ്ടു നിന്ന ജനം അമ്പരന്നു. സ്വാമിജിക്ക് എന്തോ തകരാറ് പറ്റി എന്നു ചിലര്‍ ചിന്തിച്ചു. ഒരാള്‍ വിവേകാനന്ദനോട് നേരിട്ട് ചോദിച്ചു. സ്വാമിജി വിവരിച്ചു: “ഏറെ നാള് പാശ്ചാത്യ ഭാതിക നാടുകളിലെ സുഖലോലുപരുടെ ഇടയില്‍ ജീവിച്ച് എന്റെ ശരീരം അപവിത്രമായിട്ടുണ്ടാവാം. അതിനാല്‍ ഈ പുണ്യഭൂമിയുടെ ധൂളിയില്‍ കിടന്നുരുണ്ട് ഞാന്‍ എന്നെത്തന്നെ പരിശുദ്ധനാക്കുകയാണ്.””