ആദിശങ്കരനാത്മബോധമുണർന്നുയർന്നൊരു കേരളം
ദ്വൈതമില്ലദ്വൈതമെല്ലാമെന്ന ബോധമുദിച്ചിടം.
മാതൃഭാരത പാദപീഠമിതാണു കേരള പുണ്യഭൂ
ശക്തിയും ശിവനും പരസ്പര നോട്ടമേറ്റമരുന്നിടം. (ആദിശ)
ശിലയെ ശിവനായ് പ്രാണനേകിയ നാണു ഗുരുവിൻ കേരളം
ജാതി മതിലുകൾ തീണ്ടൽ വേലികൾ നാമെരിച്ചു കളഞ്ഞിടം
വില്ലുവണ്ടിയിലെത്തി അയ്യൻ കാളി കാട്ടിയ നേർവഴി
മന്നമെന്ന മഹാരഥിക്കണിചേർന്നു പാതകൾ വീണ്ടിടം. (ആദിശ)
അന്തണൻ മുതലന്ത്യജൻ വരെയുള്ള മാനവരേവനും
വേദവാങ്മയമൊന്നു പോലെപകർന്ന ഗുരു ചട്ടമ്പിയും
പന്തിഭോജനമാലെ തീണ്ടലൊഴിച്ചു നീക്കികറുപ്പനും
മുന്തിരിക്കിണറാലയിത്തമൊടുക്കി അയ്യാസ്വാമിയും. (ആദിശ)
പറയിപെറ്റു വളർന്ന പന്തിരുകുലമതെങ്കിലുമേകർനാം
നമ്മിലൊഴുകുവതേക ഭാരത രക്തമെന്നു നിനയ്ക്കണം
വീരകേരളവർമ്മ വേലുത്തമ്പി ചെമ്പിലൊരരയനും
എന്നപോരിൽ നേടിയതാണു കേരള സ്വാഭിമാനമതോർക്കണം. (ആദിശ)
തുഞ്ചനോതിയ രാമകഥയിലുണർന്ന ധാർമ്മിക കേരളം
കുഞ്ചനിൽ ചിരി തുള്ളിഗാഥകൾ പാടിയാടിയ നാടിത്
ഭാർഗ്ഗവൻ മഴുവാലുയർത്തിയൊരാർഷകേരളനാടിനെ
സംഘ മന്ത്രമുരുക്കഴിച്ചിനി നാം നയിക്കുക നന്മയിൽ. (ആദിശ)