അമ്പാടി വിട്ടു പോയിട്ടില്ലാത്ത കൃഷ്ണനും രാമനും ആ യാത്ര വളരെ ഇഷ്ടപ്പെട്ടു.
അമ്പാടിയിൽ ഉണ്ണിക്കുണ്ടായ അനുഭവങ്ങളിൽ ഭയപ്പെട്ട് നിവാസികൾ വൃന്ദാവനത്തിലേക്ക് താമസം മാറ്റുകയാണ്.
മുലപ്പാൽ കൊടുക്കാൻ വന്ന രാക്ഷസിയും, മരം കൊണ്ടുള്ള വണ്ടിയും, കൊടുങ്കാറ്റും, മരങ്ങൾ കടപുഴകി വീണതും എല്ലാം അവർക്ക് അപശകുനങ്ങളായിത്തോന്നി.
വൃന്ദാവനത്തിൽ എത്തിയതിനു ശേഷം, ഗോപസ്ത്രീകൾ ഉണ്ടാക്കി വെച്ചിരുന്ന ഭക്ഷണം കഴിച്ച കൃഷ്ണനും രാമനും മറ്റു ഗോപൻമാരെയും കൂട്ടി പുതിയ നാട്കാണാനിറങ്ങി.
കുറച്ചു ദൂരം പോയപ്പോൾ വഴി തെറ്റിപ്പോകുമോ, നമ്മളെ കാണാതെ അച്ഛനമ്മമാർ വിഷമിക്കുമോ എന്നെല്ലാം രാമനും ശ്രീദാമാവും ഭയപ്പെട്ടു.
ആ സമയം തന്നെ അടുത്തു നിന്നും മധുരമായ ഒരു ഓടക്കുഴലിൻ്റെ നാദം അവർ കേട്ടു. എവിടെ നിന്നാണെന്നറിയാൻ കൃഷ്ണൻ മുമ്പേ ഓടി. ഒരു മരച്ചുവട്ടിൽ ഒരു വേടബാലൻ ഓടക്കുഴൽ വായിച്ചുകൊണ്ട് പാറക്കല്ലിൻമേൽ ഇരിക്കുന്നതു കണ്ടു.
കൃഷ്ണന് അത് കിട്ടിയാൽ കൊള്ളാമെന്ന് തോന്നി. ഏകദേശം തൻ്റെ പ്രായത്തിലുള്ള ആ വേടക്കുട്ടിയുടെ ചുമലിൽ കൈവെച്ചു കൊണ്ട് കൃഷ്ണൻ ചോദിച്ചു, എന്താ നിൻ്റെ പേര്.. എനിക്കും ഇതുപോലെ നല്ല നാദമുള്ള ഒരു ഓടക്കുഴലുണ്ടാക്കിത്തരുമോ? നിനക്ക് ഞാൻ ഇഷ്ടംപോലെ പാലോ വെണ്ണയോ തൈരോ ഒക്കെ തരാം.
കൃഷ്ണൻ തൊട്ടപ്പോൾ ആ വേടക്കുട്ടിയാകെ കോരിത്തരിച്ചു. ആരോടും പറഞ്ഞറിയിക്കാനാവാത്ത പരമാനന്ദത്തിൽ ലയിച്ചു കൊണ്ട് അവൻ പറഞ്ഞു, എൻ്റെ പേര് ജരൻ. ഞാനീ ഓടക്കുഴൽ ഉണ്ണിക്കു തരാം. എനിക്കു വേണമെങ്കിൽ വേറെ ഒരെണ്ണം ഉണ്ടാക്കാമല്ലോ. ഇതിനു പകരമായി ഉണ്ണി എനിക്കൊന്നും തരേണ്ട, ഉണ്ണിയെ ഇനിയെന്നാണ് കാണുക?
കൃഷ്ണൻ പുഞ്ചിരിച്ചു. ഇനി ഇപ്പോഴൊന്നും നാം തമ്മിൽ കാണില്ല, എന്തായാലും ഒരിക്കൽക്കൂടി കാണും, തീർച്ച. പക്ഷേ അതിനു കുറേകാലം കൂടി കാത്തിരിക്കണമെന്നു മാത്രം. ജരൻ തിരിഞ്ഞു തിരിഞ്ഞു നോക്കിക്കൊണ്ട് നടന്നു മറഞ്ഞു.
കൃഷ്ണൻ ഓടക്കുഴലെടുത്ത് ഊതി. പക്ഷികളും മൃഗങ്ങളും വൃക്ഷങ്ങളും കാറ്റുമൊക്കെ ആ സുമധുരനാദത്തിൽ സ്വയം മറന്നു നിന്നു. ആ നാദം വൃന്ദാവനത്തിലേക്കും ഒഴുകിയെത്തി. എല്ലാവരും അവരവരുടെ പണി നിർത്തിവെച്ച് ആ നാദത്തിൽ മുഴുകി. ലോകം നിശ്ചലമായതറിഞ്ഞ് കൃഷ്ണൻ ചുണ്ടിൽ നിന്നും ഓടക്കുഴലെടുത്തു. എല്ലാം പിന്നെ സാധാരണ പോലെയായി.
ബലരാമൻ ചോദിച്ചു, കൃഷ്ണാ, ഒരിക്കൽക്കൂടി കാണുമെന്ന് ആ വേടച്ചെക്കനോട് പറഞ്ഞത് എന്താണ്? കൃഷ്ണൻ പുഞ്ചിരിച്ചു.
ത്രേതായുഗത്തിൽ ശ്രീരാമൻ ഒളിയമ്പെയ്തു കൊന്ന ബാലിയുടെ പുനർജ്ജൻമമാണ് ഈ വേടച്ചെറുക്കനെന്നും കൃഷ്ണൻ്റെ ജീവിതാവസാനസമയത്ത് സ്വയമറിയാതെയാണെങ്കിലും ഒളിയമ്പെയ്യാൻ വിധിക്കപ്പെട്ടവനാണ് അവനെന്നുമുള്ള ജൻമരഹസ്യം കൃഷ്ണനു മാത്രമേ അറിയാമായിരുന്നുള്ളൂ.