സ്വാതന്ത്ര്യത്തിൻ സഫലത നേടാൻ
സ്വാർത്ഥ ചിന്തതൻ വ്യഗ്രത പോരാ
നവ്യയുഗത്തിൻ സ്വർഗ്ഗംപണിയാൻ
നവ നവ ജീവിതശൈലികൾ വേണം
ഘോര വീചികാമാലകൾ പൊങ്ങും
തീരം കാണാകടലാണെങ്ങും
എങ്കിലെന്തതിൻ നീർച്ചുഴി തന്നിൽ
മുങ്ങുവതല്ല പൗരുഷ ധർമ്മം
അതിവിദൂരമാം അക്കരെയെത്താൻ
ധീരതയേകിയ തുഴകൾ വേണം
നവ നവ ജീവിതശൈലികൾ വേണം
(സ്വാതന്ത്ര്യത്തിൻ)
അഗ്നിപരീക്ഷാവേളയിലാശാ
നാമ്പുകൾ വെണ്ണീറായിടുമ്പോൾ
ബാഷ്പധാരയാലൂട്ടിവളർത്തിയ
മോഹവാടി വാടിക്കരിയുമ്പോൾ
സർഗ്ഗവൈഭവം പൂന്തളിരണിയാൻ
ഉതിരും ജീവിത രുധിരം വേണം
നവ നവ ജീവിതശൈലികൾ വേണം
(സ്വാതന്ത്ര്യത്തിൻ)
പകയും ദ്വേഷവും ഈർഷ്യയുമുള്ളിൽ
പകയും തൻസുതരടരാടുമ്പോൾ
മാതൃ ദേവിതൻ വ്യാകുലഹൃദയം
വ്യഥയാലാവൃതമായിടുമ്പോൾ
സ്നേഹസാന്ദ്രമാം അമൃതം ചൊരിയും
സേവാനിരതർ തൻനിരവേണം
നവ നവ ജീവിതശൈലികൾ വേണം
(സ്വാതന്ത്ര്യത്തിൻ)