സ്വതന്ത്രഭാരത തംബുരുവുണർന്നു
സ്വരാലയതാളങ്ങളുയർന്നു…
സുരസംഗീതസരോരുഹനാഭിയിൽ
പ്രണവാകാരം പരംപൊരുളുണർന്നു…
കടലലമാലകൾ ഹൃദയത്തുടികളാൽ
ചിരകാലനാദം ചിറകടിച്ചു…
തിരുമുടിയഴിഞ്ഞൂ കനൽമിഴിതുറന്നൂ
ശിവശൈലേശ്വരതാണ്ഡവമാടി
(സ്വതന്ത്ര)
ആർഷപുരാതനചിരസംസ്കാരം
അനശ്വരസന്ദേശം മുഴക്കീ…
ആരണ്യാന്തരഗഹ്വരഭൂമിയിൽ
ആദിമശക്തിയുണർന്നൂ…
അവികലശാന്തിയിലാർഷപിതാമഹർ
ഹൃദയസരോജം വിടർത്തീ
വിടരൂ വിടരൂ സുരപത്മമേ നീ
ഇനിയും…. ഇതളിതളായീ…
(സ്വതന്ത്ര)