ശിരസ്സിന്റെ മൂല്യം

ഒരിക്കൽ രാജസന്നിധിയിലേക്ക് കടന്നുവന്ന പണ്ഡിതനായ മനുഷ്യനെ ആ രാജ്യത്തിന്‍റെ രാജാവ് ‘ശിരസ്സ് വണങ്ങി’ സ്വീകരിച്ചു.

വന്ന കാര്യം അവതരിപ്പിച്ചു അതിഥി മടങ്ങിയപ്പോൾ, രാജസന്നിധിയിൽ ഇതെല്ലാം കണ്ടു കൊണ്ടിരുന്ന മന്ത്രി രാജാവിനോട് അരുളി : ” പ്രഭോ, അങ്ങ് ഈ രാജ്യത്തിന്‍റെ രാജാവാണ്. ഈ രാജ്യവും, ഇവിടുത്തെ സകല സമ്പത്തുകളും, പ്രജകളും അങ്ങേക്ക് അടിമപ്പെട്ടതാണ്. അങ്ങ് ഒരു രാജാവായിരിക്കെ കൊട്ടാരത്തിൽ വരുന്ന പ്രജകളെ ശിരസ്സ് വണങ്ങി സ്വീകരിക്കുന്നത് അങ്ങയുടെ പദവിക്ക് യോജിച്ചതല്ല !”

ഇത് കേട്ട രാജാവ് ഒരു പുഞ്ചിരികൊണ്ട് പ്രതികരിച്ച് മടങ്ങി.

പിറ്റേന്നു പുലർച്ചെ മന്ത്രിയെ കാത്തിരുന്നത് ഒരു തളികയിൽ 3 തലകളാണ് .
ഒരു മനുഷ്യന്റെ, ഒരു പക്ഷിയുടെ, ഒരു ആടിന്റെ.
ഇവ മൂന്നും ചന്തയിൽ കൊണ്ടുപോയി വിൽക്കുവാൻ രാജാവ് ആവശ്യപ്പെട്ടു. കാര്യം മനസ്സിലാകാതെ ഉത്തരവ് നടപ്പിലാക്കാൻ മന്ത്രി പുറപ്പെട്ടു. മനുഷ്യന്റെ തലയൊഴികെ മറ്റു 2 തലകളും വില്‍ക്കുവാൻ സാധിച്ചു. ഏറെ വൈകി രാജസന്നിധിയിൽ എത്തി കാര്യം ബോധിപ്പിച്ചു. രാജാവ് പിറ്റേന്ന് രാവിലെ വീണ്ടും വരാൻ ആവശ്യപ്പെട്ടു .

അന്നും 3 തലകളാണ് മന്ത്രിയെ കാത്തിരുന്നത്.
ഒരു മനുഷ്യന്റെ, ഒരു പക്ഷിയുടെ, ഒരു മത്സ്യത്തിന്റെ.
അന്നും ചന്തയിൽ നിന്നും ഏറെ വിഷമത്തോടെ മനുഷ്യന്റെ തലയുമായി മന്ത്രി തിരികെ എത്തി. രാജാവിനോട് അരുളി : “പ്രഭോ, അങ്ങ് ഇനിയും എന്നെ പരീക്ഷിക്കരുത്. എന്നിൽ നിന്നും സംഭവിച്ച തെറ്റ് എന്താണെന്ന് പറഞ്ഞാലും. എന്നെ ഇനിയും ചന്തയിലേക്ക് അയക്കരുതേ. ” ഇത് കേട്ട് രാജാവ് പറഞ്ഞു “അല്ലയോ പ്രിയപ്പെട്ട മന്ത്രീ, കഴിഞ്ഞ ദിനങ്ങൾ കൊണ്ട് അങ്ങേക്ക് മനസ്സിലായിക്കാണും.

മരണത്തിനു ശേഷം വിലയില്ലാതാകുന്നത് മനുഷ്യന്റെ തലകൾക്ക് മാത്രമാണ്. ജീവൻ വെടിഞ്ഞ മനുഷ്യന്റെ തലകൾ കാണുമ്പോൾ ആളുകൾക്ക് വെറുപ്പും ഭയവുമാണ്. ശിരസ്സുകൾക്ക് വിലയുണ്ടാവുന്നത് അത് ജീവിച്ചിരിക്കുമ്പോൾ കാണിക്കുന്ന വിനയത്തിലൂടെ മാത്രമാണ്.

വിനയമില്ലാത്ത ശിരസ്സുകൾ മൃത ശരീരത്തിന്റെ തലകൾ പോലെയാണ്.

അതുകൊണ്ട് നമ്മൾ എത്ര ഉയരത്തിൽ എത്തുന്നുവോ, അത്രയും വിനയമുള്ളവരാവുക. നമ്മുടെ ശിരസ്സുകൾ മൂല്യമുള്ളതാവട്ടെ !

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു