ആത്മാഭിമാനവും സ്വാശ്രയവും ഒരേ നാണയത്തിൻ്റെ രണ്ടു വശങ്ങളാണ്. മഹാപുരുഷന്മാരുടെ ജീവിതത്തില്‍ ഇവ മുഴച്ചു നില്‍ക്കുന്നു. ജീവിത പുരോഗതി ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കും രാഷ്ട്രത്തിനും ഈ ഗുണം അനിവാര്യമാണ്.
തുളസീരാമന്‍ ഒരു ദരിദ്രകുടുംബത്തിലെ അംഗമായിരുന്നു. മെട്രിക്കുലേഷന്‍ പാസായപ്പോള്‍ എന്തെങ്കിലും ജോലി നേടി കുടുംബര്യങ്ങള്‍ നടത്തണം എന്നതായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. രാമൻ്റെ വിവാഹം അന്നത്തെ പതിവനുസരിച്ച ശൈശവത്തിലേ നടത്തിയിരുന്നു. മാതാപിതാക്കളുടെ ആഗ്രഹത്തിനു വഴങ്ങാതെ അയാള്‍ കൂടുതല്‍ പഠിക്കാന്‍ തീരുമാനിച്ചു. അച്ഛന്‍ തുളസിയെ വീടിനു പുറത്താക്കി. അന്ന് തുളസിക്ക് പ്രായം പതിനഞ്ച്. അച്ഛനേയും അമ്മയേയും നമസ്കരിച്ച് തുളസി ഭാര്യയേയും കൂട്ടി സ്ഥലം
വിട്ടു. ഭാര്യയുടെ പ്രായം എട്ടു വയസ്സുമാത്രവും. പക്ഷേ ദ്രൗപദിയെക്കുറിച്ചും സീതയെക്കുറിച്ചുമുള്ള കഥകള്‍ കേട്ടുവളര്‍ന്ന ആ പെണ്‍കുട്ടി ഭർത്താവിനോടൊപ്പം പോകുവാൻ വൈമുഖ്യം കാണിച്ചില്ല.
തുളസിക്ക് നഗരത്തിലെ ഒരു സ്കൂളിൽ പാർട്ട് ടൈം അധ്യാപകനായി ജോലി കിട്ടി. ഭാര്യയേയും കൂട്ടി ഒരു കൊച്ചുമുറി വാടകക്കെടുത്ത് താമസം തുടങ്ങി. ജോലിയോടൊപ്പം വിദ്യാഭ്യാസവും തുടര്‍ന്നു. ആഹാരാദികള്‍ സ്വയം പാകം ചെയ്തു. ഭാര്യക്കും വിദ്യാഭ്യാസം നല്‍കുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹം ഉപരിപഠനം തുടര്‍ന്നു. ഗണിതശാസ്ത്രത്തില്‍ ഓണേഴ്‌സ് ബിരുദം നേടി. സംസ്കൃതത്തില്‍ എം.എ ഒന്നാം റാങ്കില്‍ പാസ്സായി. ദൃഡനിശ്ചയവും സ്വാശ്രയശീലവും കഠിനാധ്വാനവും തൃളസിരാമനെ മഹാനാക്കി. ആ തുളസീരാമനാണ് പില്‍ക്കാലത്ത് സ്വാമി രാമതീർത്ഥനായി തീർന്നത്.