നമ്മുടെ നാടിന് ഒരു ജീവിത ദര്‍ശനമുണ്ട്. അത് ലോകത്തിനു പകര്‍ന്നു കൊടുക്കുക എന്നതാണ് നമ്മുടെ ദൗത്യം. പക്ഷേ ദുര്‍ബലൻ്റെ വാക്കുകള്‍ ആരു കേള്‍ക്കാന്‍? നാം ലോകത്തിനു മുഴുവന്‍ രണ്ട് കൈകൊണ്ടും അമൃത് പകര്‍ന്നുകൊടുക്കാന്‍ വെമ്പുന്നു. പക്ഷേ അതു സ്വീകരിക്കാന്‍ ആരും തയ്യാറല്ല. അതുകൊണ്ട് നാം
നിരാശരാകേണ്ടതില്ല. നമുക്ക് ശക്തിയും ദൃഢസങ്കല്പവും ഉണ്ടായാല്‍ മതി.
ശ്രീരാമകൃഷ്ണപരമഹംസന്‍ പറയാറുണ്ടായിരുന്നു, “ലോകത്ത് മൂന്നുതരം വൈദ്യന്മാരുണ്ട്. ഒരാള്‍ രോഗിയെ പരിശോധിച്ച് രോഗനിര്‍ണയം നടത്തി മരുന്ന് നിര്‍ദേശിക്കുന്നു. അതു കഴിക്കേണ്ട രീതിയും പഥ്യവും പറഞ്ഞുകൊടുത്ത് സ്ഥലം വിടുന്നു. മറ്റു കാര്യമെല്ലാം രോഗിയുടെ ഇച്ഛയ്ക്ക് വിടുന്നു. ഇത്തരം വൈദ്യന്മാരെ
മൂന്നാംതരം ശ്രേണിയില്‍ പെടുത്താം.”
“ഇനി മധ്യമ ശ്രേണിയുണ്ട്. അയാള്‍ മരുന്നു കഴിക്കാന്‍ മധുരതര ശൈലിയില്‍ രോഗിയെ അനുനയത്തോടെ പ്രേരിപ്പിക്കുന്നു.”
“ഇനി വേറൊരുകൂട്ടം വൈദ്യന്മാരുണ്ട്. ഇവരാണ് ഉത്തമശ്രേണിയില്‍പെടുന്നത്. മരുന്നു കഴിക്കാന്‍ വൈമുഖ്യം കാണിക്കുന്ന രോഗിയെ മൂക്കിനു പിടിച്ച് വായ് തുറന്ന് മരുന്നു കഴിപ്പിക്കുന്നു.
രോഗിയുടെ രോഗം മാറുന്നു.”
ചില സന്ദര്‍ഭങ്ങളില്‍ കര്‍ക്കശ സ്വഭാവം അനിവാര്യമായിത്തീരാം. ആ അവസരത്തില്‍ നാം കര്‍ക്കശമായിത്തീരുകതന്നെ വേണം.