രാഷ്ട്ര നവ നിർമ്മാണമാകും
ശ്രേഷ്ഠജീവിത ലക്ഷ്യമോടെ,
ആഗമിച്ചൊരപൂർവ്വ ഗുരു നിൻ
ഓർമ്മമതി ഞങ്ങൾക്കു താങ്ങായ്
അന്നു മാനവ ജീവിതത്തിൻ
മേന്മ ഞങ്ങൾ മറന്നിരുന്നു
കേവലം ക്ഷണികങ്ങളാകും
സ്വാർത്ഥ ചിന്തയിലാണ്ടിരുന്നു
കൊച്ചുകൊച്ചു സുഖങ്ങൾ തേടി
പാഞ്ഞലഞ്ഞു നടന്നിരുന്നു
നീയൊരുജ്വല ലക്ഷ്യമാകും
ഭദ്ര ദീപവുമായി വന്നു..
എത്ര മാറ്റമിയറ്റി ഞങ്ങളിൽ
അങ്ങു നൽകിയ ദർശനങ്ങൾ
ചെമ്പു കാഞ്ചനമാക്കി മാറ്റി
ദിവ്യമാം നിൻ സ്പർശനങ്ങൾ
ദൂരെ ദൂരെ വിടർന്നു കണ്ടൂ
ഞങ്ങൾ ജീവിത ചക്രവാളം
അവിടെ ജൈത്ര പതാക നാട്ടാൻ
ആയി ഞങ്ങളെ നീ നയിച്ചൂ..
അങ്ങൊരുത്കട ദൗത്യബോധം
തന്നു ഞങ്ങളെ വീരരാക്കി
സ്വാർത്ഥ ജീവിതമോഹവലയിൽ
നിന്നു ഞങ്ങളെ മുക്തരാക്കി
വ്യക്തിഗതമാം സ്നേഹ ബന്ധം
തത്വ പൂജയിലേക്കുയർത്തി
മാഞ്ഞുമാഞ്ഞു സ്വയം ഭവാനൊരു
ദീപ്ത ഭാവനയായി മാറി..
ഇല്ല മേലിനി വിശ്രമത്തിൻ
അലസവേളകൾ ജീവിതത്തിൽ
ലക്ഷ്യസാധന തൻ ഹവിസ്സായ്
തീരുമുടലും മനവുമെല്ലാം
ഒരു വിചാരമൊരൊറ്റ യജ്ഞം
കൂട്ടുചേർന്നൊരഖണ്ഡ യജ്ഞം
യജ്ഞ വേദിയിൽ നിന്നുമുയരും
നാം കൊതിക്കും പൂർണ്ണ വിജയം..