പാണ്ഡവരുടെ പക്ഷം ഒത്തുചേർന്ന് എങ്ങനെ ഭീഷ്മരെ കൊല്ലാനാകും എന്ന് ചിന്തിച്ചു. പാണ്ഡവർ കൃഷ്ണനേയും കൂട്ടി ഭീഷ്മരെ കാണാൻ ചെന്നു.
ഭീഷ്മർ: “വരൂ കൃഷ്ണാ വരൂ പാണ്ഡവരെ… എന്നിൽനിന്നും നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്?”
അർജുനൻ: “അങ്ങുതന്നെ പറയൂ പോർക്കളത്തിൽ അങ്ങയെ തോൽപ്പിച്ച് ഞങ്ങളെങ്ങനെയാണ് ജയിക്കുന്നത്?”
ഭീഷ്മർ: “സത്യം ഞാൻ ജീവനോടെയിരിക്കുമ്പോൾ നിങ്ങൾക്ക് യുദ്ധത്തിൽ ജയിക്കാൻ കഴിയില്ല. അർജുനൻ അമ്പുകളെന്റെനേർക്ക് തൊടുക്കുമ്പോൾ ശിഖണ്ഡി അവൻറെ മുമ്പിൽ നിൽക്കണം, ശിഖണ്ഡി പെണ്ണായി ജനിച്ച് പിന്നെ ആണായിമാറിയവനാണ്. ഇതുവരെ ഞാനൊരു ശപഥം കാത്തു വന്നു; ഒരു പെണ്ണിനെയും കൊല്ലില്ല എന്ന്. അതുകൊണ്ട് എൻറെ മുമ്പിൽ ശിഖണ്ഡി ഉണ്ടെങ്കിൽ എൻറെ അസ്ത്രം അങ്ങോട്ട് പായില്ല.”
ഇതുകേട്ട് ഉള്ളിൽ സന്തോഷത്തോടെ പാണ്ഡവർ കൂടാരത്തിലേക്ക് തിരിച്ചുവന്നു. പിറ്റേദിവസം രാവിലെ പാണ്ഡവപ്പട തയ്യാറായി. ശിഖണ്ഡി പാണ്ഡവരുടെ പടത്തലവനായി മുന്നിലുണ്ടായിരുന്നു. അർജുനൻ ശിഖണ്ഡിയെ പോർകവചമായി നിർത്തി ഭീഷ്മരെ ആക്രമിച്ചു. ഭീഷ്മരെ പാണ്ഡവ വീരന്മാർ ചുറ്റി നിന്ന് അമ്പെയ്തു.
ഭീഷ്മർ: “ഞാൻ എപ്പോൾ മരിക്കണമെന്നാഗ്രഹിക്കുന്നുവോ അപ്പോൾ മരിക്കാം എന്ന് അച്ഛൻ എനിക്ക് വരം തന്നിട്ടുണ്ട്, ഇപ്പോൾ ആ സമയം അടുത്തിരിക്കുന്നു.”
ഭീഷ്മർ അർജുനൻറെ അമ്പുകളേറ്റു നിലംപതിച്ചു. മുതുകിൽ തറച്ച അമ്പുകൾ ഭീഷ്മർക്ക് ഒരു ശരശയ്യയായി.
ഭീഷ്മർ: “ഈ മംഗളകരമായ സമയത്ത് ഞാൻ മരിക്കുകയില്ല. സൂര്യൻ ഉത്തരദിക്കിലേക്ക് പോകുന്നത് വരെ ഞാൻ കാക്കും.”
ഉടനെ കൗരവരും പാണ്ഡവരും ഭീഷ്മരെ ചുറ്റിവളഞ്ഞുനിന്നു.
ഭീഷ്മർ: “അർജുനാ എൻറെ തലയ്ക്ക് വേണ്ടുന്ന തലയിണകൾ നിൻറെ അസ്ത്രങ്ങളാൽ എനിക്കുണ്ടാക്കിത്തരൂ.”
അർജുനൻ തൻ്റെ ഗാണ്ഡീവത്തിൽനിന്നും മൂന്ന് അസ്ത്രങ്ങൾ ഭീഷ്മരുടെ തലയ്ക്കുകീഴെ എയ്തുനിർത്തി. ഭീഷ്മർ അതിലേക്ക് തലചായ്ച്ചു.
ഭീഷ്മർ: “അർജുനാ നീ മാത്രം എനിക്ക് കുടിക്കാനായി പുണ്യജലം തരൂ.”
പിന്നീട് കർണ്ണനോട് പറഞ്ഞു “കർണ്ണാ പാണ്ഡവർ എല്ലാവരും നിൻറെ സഹോദരന്മാരാണ്; നീ അവരോടുചേരൂ. ഈ സഹായമാണ് ഞാൻ നിന്നോട് ചോദിക്കുന്നത്.”
കർണ്ണൻ: “ദുര്യോധനൻ എൻ്റെപേരിൽ വിശ്വാസം വെച്ചിരിക്കുന്നു. യുദ്ധത്തിൽ അവനെ സഹായിക്കാം എന്ന് ഞാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. എങ്ങനെ ഞാനവനെ വഞ്ചിക്കും? എന്നെ സംബന്ധിച്ചിടത്തോളം എൻറെ കുടുംബവും ഞാനും ഉടലും ഉയിരും എല്ലാം ദുര്യോധനന് ഉള്ളതാണ്. യുദ്ധത്തിൽ ഞാൻ ജയിക്കണമെന്ന് എന്നെ അനുഗ്രഹിച്ചാലും പിതാമഹരേ.”
“നന്നായിരിക്കും കർണ്ണാ നന്നായിരിക്കും; യുദ്ധം ചെയ്ത് വീരസ്വർഗ്ഗം പ്രാപിക്കൂ.”
തുടരും…