മഹാഭാരതം കഥാരൂപത്തിൽ ഭാഗം-102

“കൃഷ്‌ണാ നീ പറഞ്ഞത് ഞാൻ വിശ്വസിക്കുന്നു. അങ്ങനെയാണെങ്കിൽപ്പോലും എന്നെ വളർത്തിയത് അതിരഥനും രാധയുമാണ്, അതുകൊണ്ട് അവർ മാത്രമാണ് എന്നും എനിക്കെൻറെ അച്ഛനമ്മമാർ. ദുര്യോധനൻ ആകട്ടെ എത്ര ബഹുമാനവും സ്നേഹവും തന്ന് എന്നെ ഇത്രയേറെ വളർത്തിയിരുന്നു. അവനെ ഉപേക്ഷിക്കുന്നത് ഒരു സ്നേഹിതനെ വഞ്ചിച്ചു കൊല്ലുന്നതിന് തുല്യമാണ്.” കർണ്ണൻ പറഞ്ഞു.

ശേഷം കർണ്ണൻ കൃഷ്ണനെ കെട്ടിപ്പിടിച്ച് വാഴ്ത്തുന്നു. കൃഷ്ണൻ അവിടെ നിന്നും പോകുന്നു.

കുന്തി കർണ്ണനെ സമീപിച്ച് ഭൂതകാലമെല്ലാം വിശദീകരിച്ചു. പാണ്ഡവരോട് ഒപ്പം ചേരാൻ കർണ്ണനോട് അഭ്യർത്ഥിച്ചു.

എന്നാൽ കർണ്ണൻ പറഞ്ഞു “എൻറെ സഹോദരന്മാർ കൗരവരാണ്, അവരെ ഉപേക്ഷിക്കുവാൻ എനിക്ക് സാധ്യമല്ല. ഈ വിവാദം ദയവായി നിർത്തിയാലും അമ്മേ. അമ്മയ്ക്ക് മറ്റെന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അതെന്നോട് പറഞ്ഞാലും.”

“കർണ്ണാ പാണ്ഡവരെ നീ കൊല്ലരുത്” കുന്തി പറഞ്ഞു.

യുധിഷ്ഠിരൻ, ഭീമൻ, നകുലൻ, സഹദേവൻ എന്നിവരെ ഞാൻ വധിക്കുകയില്ല. എൻറെ ലക്ഷ്യം അർജുനൻ മാത്രമാണ്, അവൻ മരിക്കണം; അല്ലെങ്കിൽ ഞാൻ. അമ്മയ്ക്ക് എപ്പോഴും അഞ്ചുമക്കൾ ഉണ്ടായിരിക്കുമമ്മേ.”

കുന്തി വ്യാകുലചിത്തയായി തിരിച്ചുപോന്നു.

ഇപ്പോൾ യുദ്ധം ഉറപ്പായി. കൃഷ്ണൻ പാണ്ഡവരുടെ അടുക്കലെത്തി, യുദ്ധമല്ലാതെ മറ്റു വഴിയൊന്നുമില്ലയെന്ന് അവരോട് പറഞ്ഞു. നീതി ധർമ്മങ്ങൾക്കായി യുദ്ധം ചെയ്യാമെന്ന് കൃഷ്ണൻ സമർത്ഥിച്ചു.

പാണ്ഡവർ സേനകളെ ഏഴുഭാഗങ്ങളായി തിരിച്ച് അവയോരോന്നിനും ഓരോ തലവന്മാരെ നിശ്ചയിച്ചു. പക്ഷേ അവരുടെ എല്ലാവരുടേയും സേനാനായകനായി ആര് നയിക്കും എന്ന് ചിന്തിക്കുവാൻ തുടങ്ങി.

യുധിഷ്ഠിരൻ: “കൃഷ്‌ണാ ഞങ്ങളുടെ ബലവും ബലഹീനതയും എല്ലാം നിനക്കറിയാം ആയതിനാൽ സേനാനായകനെ തിരഞ്ഞെടുക്കുന്ന ചുമതല ഞാൻ നിന്നെ ഏൽപ്പിക്കുകയാണ്.”

കൃഷ്ണൻ: “ഏഴ് സേനകളുടേയും സേനാനായകൻമാരേയും നയിക്കാൻ മികച്ച സേനാനായകൻ ആയിരിക്കും ദൃഷ്ടധ്യുമ്നൻ എന്ന് ഞാൻ കരുതുന്നു.”

എല്ലാവരും സന്തോഷത്തോടെ സമ്മതിച്ച് യുദ്ധത്തിന് തയ്യാറായി.

ഈ സമയത്ത് ദുര്യോധനൻ തൻറെ സേനയെ പതിനൊന്നായി ഭാഗിച്ച് ഭീഷ്മരെ സേനാനായകനാകാൻ ക്ഷണിക്കുന്നു. ഭീഷ്മർ പറഞ്ഞു “ദുര്യോധനാ നിനക്കായി തീർച്ചയായും ഞാൻ യുദ്ധം ചെയ്യാം, പക്ഷേ രണ്ട് നിബന്ധനകളുണ്ട്. എനിക്ക് പാണ്ഡവരും കൗരവരും സമമാണ്. പാണ്ഡവരെ ഞാൻ വധിക്കുകയില്ല. പകരം ഓരോ ദിവസവും ഞാൻ പതിനായിരം വീരന്മാരെ കൊല്ലാം. മറ്റൊന്ന് കർണ്ണൻ പോർക്കളത്തിൽ എൻറെ സമനായി യുദ്ധം ചെയ്യരുത്. ഒന്നുകിൽ അവർ യുദ്ധം ചെയ്യട്ടെ അല്ലെങ്കിൽ ഞാൻ.”

ഇതുകേട്ട കോപാകുലനായ കർണ്ണൻ പറഞ്ഞു “ഭീഷ്മർ ജീവനോടെ ഇരിക്കുമ്പോൾ ഞാൻ യുദ്ധം ചെയ്യുകയില്ല. ഭീഷ്മർ മരിച്ച ശേഷം ഞാൻ അർജുനനെതിരെ യുദ്ധം ചെയ്യുന്നതാണ്. കർണ്ണൻ കോപത്തോടെ സഭയിൽ നിന്നും ഇറങ്ങിപ്പോയി.

രണ്ടു സൈന്യങ്ങളും തയ്യാറായി.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു