സത്യത്തിൽ പാണ്ഡവർ നല്ലനിലയിൽ വിദ്യ അഭ്യസിക്കുകയാണെങ്കിൽ അത് തന്റെ പുത്രന് ഭീഷണിയാകും എന്ന് ധൃതരാഷ്ട്രർ കരുതി. അതിനാൽ മനപൂർവം ഓരോ കാരണങ്ങൾ കണ്ടെത്തി ധൃതരാഷ്ട്രർ കൃപാചാര്യരെ ഇടയ്ക്ക് ഇടയ്ക്ക് കൊട്ടാരത്തിലേക്ക് വിളിച്ചുകൊണ്ടിരുന്നു. ഇത് പാണ്ഡവരെ ഗുരുകുലത്തിൽ ചേർത്ത അന്ന് തന്നെ ആരംഭിച്ചിരുന്നു.
അതിന്റെ തുടക്കമായിരുന്നു ഇത്. കൃപാചാര്യർ എത്തിയ ഉടനെ ഒരു സേവകനെ അയച്ചു അതിരഥനെ രാജ സദസ്സിലേക്ക് വിളിപ്പിച്ചു. ഭീഷ്മരും വിദുരരും ധൃതരാഷ്ട്രരും കൃപാചാര്യരും ഇരിക്കുന്ന സദസ്സിലേയ്ക്ക് അതിരഥൻ കടന്നു വന്നു. എന്നിട്ട് എന്ത് കൊണ്ടാണ് അയാൾ കൊട്ടാരത്തിൽ നിന്നും പോകുന്നത് എന്ന് ആ സദസ്സിൽ പറഞ്ഞു. അതിരഥന്റെ പുത്രനായ രാധേയന് നല്ല വിദ്യാഭ്യാസം നല്കുന്നതിന് വേണ്ടിയാണ് കൊട്ടാരത്തിൽ നിന്നും പോകുന്നത്. സത്യത്തിൽ രാധേയൻ തന്റെ പുത്രൻ അല്ല എന്നും ഒരിക്കൽ അതിരഥന്റെ ഭാര്യ രാധയ്ക്കു ഭഗീരതി നദിയുടെ തീരത്ത് നിന്നും ലഭിച്ചതാണ് രാധേയനെ എന്നും, പക്ഷെ ഈ കാര്യങ്ങൾ ഒന്നും തന്നെ രാധേയന് അറിയില്ല എന്നും അതിരഥൻ അവരോടു പറഞ്ഞു.
തുടരും…