അടുത്ത ദിവസം രാജകുമാരന്മാരുടെ ആയുധ വിദ്യകൾ കാണാനായി യുദ്ധഭൂമിക്ക് ചുറ്റും ജനങ്ങൾ സ്ഥാനം പിടിച്ചു. ധൃതരാഷ്ട്രരും, ഭീഷ്മരും, കൃപാചാര്യരും കുന്തിയും, ഗാന്ധാരിയും, ശകുനിയും വിധുരരും എല്ലാം അവരവർക്ക് നിശ്ചയിരുന്ന സ്ഥലത്ത് വന്നു ഇരുന്നു. കുന്തി അവിടെ നടക്കുന്ന ഓരോ കാര്യവും ഗാന്ധാരിക്ക് വിവരിച്ചു കൊടുത്തു കൊണ്ടിരുന്നു.
അല്പസമയം കഴിഞ്ഞു ദ്രോണാചാര്യരും കുമാരന്മാരും രണഭൂമിയിലേക്ക് എത്തി. കുമാരന്മാരെ ഓരോരുത്തരെയായി പേര് വിളിച്ചു പരിചയപെടുത്തിയ ശേഷം അവർ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ തുടങ്ങി.
ആദ്യം യുധിഷ്ഠിരന്റെ ഊഴം ആയിരുന്നു. യുധിഷ്ടിരൻ കുന്തം കൊണ്ടുള്ള യുദ്ധത്തിൽ നിപുണൻ ആയിരുന്നു. അദ്ദേഹം ഒറ്റയ്ക്ക് മറ്റുള്ള എല്ലാ കുമാരന്മാരെയും നേരിട്ടു. അവർ കഠിന പരിശ്രമം നടത്തിയെങ്കിലും ആർക്കും യുധിഷ്ഠിരനെ പരാജയപെടുത്താൻ ആയില്ല.
അടുത്തതായി ഗദാ യുദ്ധത്തിൽ കേമന്മാരായ ദുര്യോധനനും ഭീമനും ഏറ്റു മുട്ടി പതുക്കെ പതുക്കെ അവരുടെ വീറും വാശിയും ഏറി വന്നു. ജനങ്ങൾ രണ്ടു ചേരി തിരിഞ്ഞു അവരെ പ്രോത്സാഹിപ്പിക്കാനും തുടങ്ങി. അവർ അതൊരു പ്രകടനം ആണ് എന്നത് മറന്ന് അപകടകരമായ രീതിയിലായിരുന്നു യുദ്ധം ചെയ്തിരുന്നത് യുദ്ധം നിയന്ത്രണമില്ലാതെ നീണ്ടുപോകുന്നതു കണ്ടു ദ്രോണർ പറഞ്ഞത് അനുസരിച്ച് അശ്വത്ഥാമാവ് അവരെ പിടിച്ചു മാറ്റി യുദ്ധം അവസാനിപ്പിച്ചു.
തുടരും…