മഹാഭാരതം കഥാരൂപത്തിൽ ഭാഗം-107

അങ്ങനെ അശ്വദ്ധാമാവ് മരിച്ചു എന്ന വാർത്ത ദ്രോണരെ അറിയിക്കുന്നു ദ്രോണർ ഇത് കേട്ട് ഞെട്ടി. അദ്ദേഹം അബോധാവസ്ഥയിലെന്നപോലെയായി. ദ്രോണർ സത്യം മാത്രം പറയുന്ന യുധിഷ്ഠിരനോട് ചോദിക്കുവാൻ തീരുമാനിച്ചു.

ദ്രോണർ: “ഇത് സത്യമാണോ യുധിഷ്ഠിരാ, എൻറെ മകൻ മരിച്ചുവെന്നോ?”

തൻറെ ജീവിതത്തിൽ ഒരിക്കലും നുണ പറഞ്ഞിട്ടില്ലാത്ത യുധിഷ്ഠിരൻ ധർമ്മസങ്കടത്തോടെ ദ്രോണരെ വിശ്വസിപ്പിക്കാൻ പറഞ്ഞു.

“അശ്വത്ഥാമാവ് മരിച്ചു.” പിന്നെ സ്വകാര്യംപോലെ പറഞ്ഞു “അശ്വത്ഥാമാവ് എന്ന ആന.”

ഇതുകേട്ടതും ദ്രോണർ അസ്ത്രത്യാഗം ചെയ്തു ധൃഷ്ടധ്യുമ്നൻ ഈ അവസരം പാഴാക്കാതെ ഓടിവന്ന് ദ്രോണരുടെ തലയറുത്തു. ദ്രോണരുടെ മരണം കൗരവരെ നടുക്കി. തൻറെ അച്ഛനെ കൊന്ന എല്ലാവരെയും നാശമാക്കും എന്ന് ദ്രോണരുടെ മകൻ അശ്വത്ഥാമാവ് ശപഥമെടുത്തു.

കർണ്ണൻ പാണ്ഡവസേനയെ തകർക്കുന്ന സമയം ഭീമൻ ദുശ്ശാസനനെ നേരിട്ടു. അവർ രണ്ടുപേരും ഭയങ്കര യുദ്ധം ചെയ്തു. നീണ്ട നേരം ഘോരയുദ്ധം നടന്നു. ഒടുവിൽ ഭീമൻ തൻ്റെ സർവ്വ ശക്തിയും ഉപയോഗിച്ച് ദുശ്ശാസനനെ തറപറ്റിച്ചു. അവൻറെ വലതു കൈ മുറിച്ചു കളഞ്ഞ ഭീമൻ ദുശ്ശാസനനെ പിളർന്നു രക്തം കുടിച്ചു; ദുശാസനൻ മരിച്ചു. അടുത്ത ലക്ഷ്യം കൗരവരിൽ ഏറ്റവും വലിയവനായ ദുര്യോധനനായിരുന്നു.

പെട്ടെന്ന് കർണ്ണന്റെ രഥചക്രം മണ്ണിൽ പൂണ്ടു പോയി. കർണൻ താഴെയിറങ്ങി ചക്രം ഉയർത്തുവാൻ ശ്രമിച്ചു. അപ്പോഴാണ് കർണ്ണന് തനിക്കുകിട്ടിയ ബ്രാഹ്മണ ശാപം ഓർമ്മ വന്നത്. “അർജുനാ ഞാൻ രഥചക്രം ഉയർത്തുന്നത് വരേയ്ക്കും ദയവുചെയ്ത് യുദ്ധം നിർത്തൂ, ഞാൻ നിരായുധനായി നിൽക്കുമ്പോൾ നീ എന്നോട് യുദ്ധം ചെയ്യുന്നത് ധർമ്മമല്ല.”

കൃഷ്ണൻ: “ധർമ്മത്തെക്കുറിച്ച് നീ പറയുന്നോ! ആലോചിച്ചുനോക്കൂ… പകിട കളിയിൽ, അല്ലെങ്കിൽ അഭിമന്യുവിനെ കൊന്നപ്പോഴെങ്കിലും നീ ധർമമാണോ ചെയ്തത്? വരൂ അർജുനാ അവനെ കൊന്നുകളയൂ.”

അർജുനൻ കർണ്ണനെ അമ്പുകൾ എയ്തുവീഴ്ത്തുന്നു. അങ്ങനെ കുരുക്ഷേത്രയുദ്ധത്തിന്റെ പതിനേഴാം ദിവസം ഉച്ചയ്ക്ക് കർണ്ണൻ പോർക്കളത്തിൽ മരിച്ചുവീണു.

ദുര്യോധനന് ദുഃഖമടക്കാൻ കഴിഞ്ഞില്ല. അവൻറെ ഉറ്റ സ്നേഹിതൻ അതാ മരിച്ചു കിടക്കുന്നു. ദുര്യോധനൻ ഏകനായി. അവൻ വടക്കുദിശയിലേക്ക് പലായനം ചെയ്തു. അവൻ ഒരുതടാകത്തിൽ മുങ്ങി, അവിടെ ഒളിച്ചു കഴിയുവാൻ തീരുമാനിച്ചു. നിശബ്ദനായി ആ വെള്ളത്തിനടിയിൽ കഴിഞ്ഞു.

അതിനിടയിൽ കൃപാചാര്യർ, കീർത്തിവർണ്ണൻ, അശ്വത്ഥാമാവ് എന്നിവർ ദുര്യോധനനെ തേടുന്നു. ഒടുവിൽ അവൻ ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തുന്നു. “എഴുന്നേറ്റ് വരൂ മഹാരാജാവേ പാണ്ഡവരോട് യുദ്ധം ചെയ്ത് ജയിക്കണം. ഇല്ലെങ്കിൽ വീര മരണം നേടാം.”

“നീയെന്നെ തുണക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, എന്നാൽ ഞാൻ തീരെ ക്ഷീണിതനാണ്, വീരന്മാരും വിശ്രമിക്കട്ടെ. നാളെ നാം യുദ്ധം ചെയ്യാം.” ഇതുകേട്ട് അശ്വത്ഥാമാവും മറ്റുള്ളവരും സന്തോഷിച്ചു.

അവർ പോയ ശേഷം മറഞ്ഞുനിന്നിതുകേട്ട വേടന്മാർ ഭീമനോട് ചെന്ന് കാര്യം പറയുന്നു.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു