തടാകക്കരയിലെത്തി ഭീമൻ ദുര്യോധനനെ വെല്ലുവിളിക്കുന്നു. “ദുര്യോധനാ ഇവിടെനിന്ന് എഴുന്നേറ്റു വന്നു യുദ്ധം ചെയ്യുക.”
ദുര്യോധനൻ വെള്ളത്തിനടിയിൽനിന്നും ഉത്തരം നൽകി “ഭയംകൊണ്ടോ വേദനകൊണ്ടോ അല്ല ഞാൻ മുങ്ങിക്കിടക്കുന്നത്, ഇപ്പോൾ ഞാൻ ക്ഷീണിതനാണ് നിങ്ങളുടെ വീരന്മാരും വിശ്രമിക്കട്ടെ, നമുക്ക് നാളെ യുദ്ധം ചെയ്യാം.”
ഭീമൻ: “ശരിയായ പരാക്രമി വിശ്രമിക്കുന്നത് യുദ്ധം കഴിഞ്ഞിട്ടാണ് വെളിയിൽ വന്നു യുദ്ധത്തിൽ ഞങ്ങളെ തോൽപ്പിച്ചിട്ട് വിശ്രമിക്കൂ ഇല്ലെങ്കിൽ മഹാവീരൻമാരെപ്പോലെ വീരമരണമടയൂ.”
ദുര്യോധനൻ: “ആയുധങ്ങൾ ഇല്ലാതെ യുദ്ധം ചെയ്യുന്നത് ധർമ്മമല്ല. ഞാൻ നിങ്ങളിൽ ഒരുത്തനോടുമാത്രം ദ്വന്ദയുദ്ധം ചെയ്യാം.”
ഭീമൻ: “നീ പറഞ്ഞത് ഞങ്ങൾ സമ്മതിച്ചിരിക്കുന്നു. ഞങ്ങളിൽ ആരോട് വേണമെങ്കിലും നിനക്ക് ദ്വന്ദയുദ്ധം ചെയ്യാം. മറ്റുള്ളവർ കണ്ടു നിൽക്കുകയേയുള്ളൂ. വാ നിൻറെ പരാക്രമം കാണട്ടെ.”
അപ്പോൾ ദുര്യോധനൻ ഒരു ഗദയുമായി വെള്ളത്തിൽ നിന്ന് പൊങ്ങി വന്നു. ഭീമൻ ആ വെല്ലുവിളി നേരിടാൻ തീരുമാനിച്ചു.
കോപാകുലനായ രണ്ട് ഗജവീരന്മാരെപ്പോലെ അവർ യുദ്ധം ചെയ്തു. പാണ്ഡവർ ആ യുദ്ധക്കളത്തിൽ ചുറ്റിനിന്നു. അവർ യുദ്ധനിയമങ്ങൾ മറക്കാതെ ഗദായുദ്ധം നടത്തി. രണ്ടുപേരും തീവ്രമായി ഏറ്റുമുട്ടി. ആര് ജയിക്കും എന്ന് അറിയാതെ യുദ്ധം തുടർന്നുകൊണ്ടേയിരുന്നു. അപ്പോൾ കൃഷ്ണൻ ഒരു അടയാളം കാട്ടി; ഭീമനത് മനസ്സിലായി. പിന്നീട് ദുര്യോധനൻ ഭീമനെ അടിക്കാനായി വായുവിൽ ചാടിയപ്പോൾ ഭീമൻ ഗദകൊണ്ട് അവൻറെ തുടയിൽ അടിച്ചു, ദുര്യോധനൻ താഴെവീണു. ദുര്യോധനന്റെ തല ഭീമന്റെ കാലുകൾക്കിടയിൽവെച്ച് ഞെരിച്ചു.
അപ്പോൾ യുധിഷ്ഠിരൻ അവനെ തടഞ്ഞു. “മതി ഭീമാ നിൻറെ ശപഥം നീ നിറവേറ്റി. അവൻ നിൻറെ സഹോദരനല്ലേ അവനെ വിട്ടേക്ക്. വിജയം നേടിയ പാണ്ഡവർ മടങ്ങിപ്പോയി.
അവർ തങ്ങളുടെ കൂടാരത്തിലെത്തിയപ്പോൾ കൃഷ്ണൻ അർജുനനോട് തേരിൽനിന്ന് ഇറങ്ങാൻ പറഞ്ഞു. അർജുനൻ തേരിൽ നിന്നിറങ്ങി അടുത്ത ഞൊടിയിൽ തേര് പൊട്ടിത്തെറിച്ച് കത്തുന്നു. “പോർ നടക്കുമ്പോൾ എത്രയോ ആയുധങ്ങൾ അർജ്ജുനനെ ലക്ഷ്യമാക്കി വന്നു, പക്ഷേ അവയെല്ലാം ആദ്യം തേരിലാണ് തറച്ചത്. അതുകൊണ്ടാണ് യുദ്ധം കഴിഞ്ഞപ്പോൾ തേര് കത്തുന്നത്.” എന്ന് കൃഷ്ണൻ വിശദീകരിക്കുന്നു.
കൃപാചാര്യർ, കീർത്തിവർണ്ണൻ, അശ്വത്ഥാമാവ് തുടങ്ങിയവർ പകുതി ജീവനോടെ കിടക്കുന്ന ദുര്യോധനനെ കാണാൻ വന്നു. രാജാവേ ഞാൻ പാഞ്ചാലിയേയും പാണ്ഡവരെയും ഇന്നുതന്നെ കൊന്നുകളയും. അത് നിറവേറ്റാൻ അനുവാദം തരൂ. ദുര്യോധനൻ അശ്വത്ഥാമാവിന്റെ ശപഥത്തിൽ സന്തോഷപ്പെട്ടു.
അന്നുരാത്രി പാണ്ഡവരുടെ കൂടാരത്തിൽ ഒരു ആഘോഷം നടന്നു. കൂടാരത്തിൽ ഉള്ള എല്ലാവരും സന്തോഷത്തിൽ ആറാടിക്കൊണ്ടിരുന്നു. മറ്റൊരു സ്ഥലത്ത് കാട്ടിൽ പാണ്ഡവരോട് പകരംവീട്ടാൻ അശ്വത്ഥാമാവ് പദ്ധതിയിട്ടുകൊണ്ടിരുന്നു. അപ്പോൾ മരത്തിൽ ഒരു മൂങ്ങ വന്നിരുന്ന് ഉറങ്ങിക്കിടന്നിരുന്ന കാക്കക്കുഞ്ഞുങ്ങളെ കൊത്തിതിന്നുന്നത് അശ്വത്ഥാമാവ് കണ്ടു.
തുടരും…