അനുവാദം കിട്ടി തിരിച്ചെത്തിയപ്പോൾ വിദുരർ വന്ന കാര്യം അറിഞ്ഞു. വിദുരറിനെ കാണാൻ യുധിഷ്ഠിരൻ പോയി. പക്ഷെ, ആ സമയം വിദുരർ രാജാവിന്റെയടുത്തായിരുന്നു. നിരാശനായി യുധിഷ്ഠിരൻ തിരിച്ചു പോകാൻ ഇറങ്ങിയപ്പോൾ വിദുരറിനെ കണ്ടു മുട്ടി. പക്ഷെ വിദുരർക്കു എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുൻപ് ശകുനിയും ദുര്യോധനനും അവിടെയെത്തി.
ചാരന്മാർ വഴി ശകുനി അറിഞ്ഞിരുന്നു, വിദുരർ യുധിഷ്ഠിരനെ കാണാൻ ചെന്നിരുന്ന കാര്യം. അതുകൊണ്ട് ശകുനി മനപൂർവം വിദുരർ മുന്നറിയിപ്പ് കൊടുക്കുന്നത് തടയാനായിരുന്നു ഈ സന്ദർശനം.
അടുത്ത ദിവസം അതിരാവിലെ ആയിരുന്നു പാണ്ഡവർ വാരണാവതത്തിലേക്ക് പോകുന്ന ദിവസം. അത് കൊണ്ട് സൂചനകൾ വഴി വിവരം ശത്രുക്കളുടെ മുന്നിൽ വെച്ചു തന്നെ പാണ്ഡവരോട് പറയാൻ വിദുരർ തീരുമാനിച്ചു.
അല്പസമയം സംസാരിച്ചിരുന്ന ശേഷം.
വിദുരർ: ഇപ്പോൾ വസന്തകാലമാണ് അല്ലേ? പൂക്കൾ വിരിഞ്ഞു നില്ക്കുന്നത് കണ്ടാൽ കാട്ടുതീ പടർന്നതാണെന്ന് തോന്നുമല്ലേ? നിങ്ങൾക്ക് അറിയാമോ കാട്ടു തീയിൽ നിന്നും രക്ഷപ്പെടുന്ന ജീവി ഏതാണ് എന്ന്?
വിദുരർ ചോദ്യം ദുര്യോധനനോടാണ് ആദ്യം ചോദിച്ചത്.
ദുര്യോധനൻ: കാട്ടു തീയിൽ നിന്ന് രക്ഷപെടുന്ന ജീവിയോ? എനിക്കറിയില്ല.
വിദുരർ: എലിയാണ് കാരണം അത് എപ്പോഴും മാളത്തിലായിരിക്കും.
അല്പസമയം കഴിഞ്ഞു വിദുരർ അവിടെ നിന്നും പോയി.
തുടരും…