ഒരിക്കൽ യമുനാനദിയുടെ തീരത്ത് നായാട്ടിനു പോയ ശാന്തനു അവിടെ ദശരാജന്റെ പുത്രി സത്യവതിയെ കണ്ടു അതി സുന്ദരിയായ അവളെ വിവാഹം കഴിച്ചു മഹാറാണിയാക്കിയാൽ കൊള്ളാം എന്ന് ആഗ്രഹം തോന്നി. ഉടൻ തന്നെ അവളോട് ശാന്തനു വിവാഹ അഭ്യർത്ഥന നടത്തി. അവളുടെ പിതാവ് സമ്മതിക്കുകയാണെങ്കിൽ അവൾക്കും സമ്മതം ആണെന്ന് അവൾ രാജാവിനോട് പറഞ്ഞു. ശാന്തനു വേഗം തന്നെ ദശരാജനെ ചെന്ന് കണ്ടു തന്റെ ആഗ്രഹം അറിയിച്ചു. സത്യവതിയിൽ ഉണ്ടാകുന്ന പുത്രനെ ഹസ്തനപുരിയുടെ രാജാവാക്കാം എന്ന് ശാന്തനു വാക്ക് നൽകുകയാണെങ്കിൽ മാത്രമേ വിവാഹത്തിനു സമ്മതിക്കുകയുള്ളൂ എന്ന് ദശരാജൻ പറഞ്ഞു.
ഇത് കേട്ട ശാന്തനുവിനു നിരാശയും ദേഷ്യവും ഒരു പോലെ വന്നു. ശാന്തനു ദശരാജനോട് പറഞ്ഞു, അത് സാധ്യമല്ല. എന്റെ മകൻ ദേവവ്രതനെ എന്റെ കാല ശേഷം രാജാവാക്കാം എന്ന് നേരത്തെ തന്നെ തീരുമാനിച്ചു പോയതാണ് അത് കൊണ്ട് സത്യവതിയെ വേറെ ഏതെങ്കിലും രാജാവിന് വിവാഹം ചെയ്തു കൊടുത്തോളൂ. എന്നിട്ട് അവിടെ നിന്നും ഇറങ്ങിപ്പോയി.
പക്ഷെ ശാന്തനുവിനു സത്യവതിയെ മറക്കാൻ കഴിഞ്ഞില്ല ശാന്തനു തുടർന്നുള്ള ദിവസങ്ങളിൽ വളരെ അസ്വസ്ഥനായി കാണപെട്ടു. അദ്ദേഹം പതിവായി യമുനാ നദീ തീരത്ത് പോയി സായാഹ്നം വരെ സത്യവതിയെ രഹസ്യമായി നോക്കി നിന്നു. തന്റെ പിതാവിനെ അസ്വസ്ഥനായി കണ്ട ദേവവ്രതൻ അദ്ധേഹത്തോട് അതിന്റെ കാരണം തിരക്കിയെങ്കിലും ശാന്തനു അത് പറഞ്ഞില്ല. തുടർന്ന് ദേവവ്രതൻ ശാന്തനുവിന്റെ തേരാളിയിൽ നിന്നും കാരണം മനസ്സിലാക്കുകയും ഉടൻ തന്നെ ദശരാജന്റെ അടുക്കൽ ചെന്ന് തന്റെ പിതാവിനു വേണ്ടി സംസാരിച്ചു. ദേവവ്രതൻ പറഞ്ഞു, അച്ഛൻ അതിനു സമ്മതിക്കാതിരുന്നതു എന്നെ നേരത്തെ തന്നെ യുവരാജവക്കിയത് കൊണ്ടാണ്. എന്നോട് എങ്ങനെ ഇനി അത് കഴിയില്ല എന്ന് പറയും എന്ന് കരുതിയാണ് അദ്ദേഹം തന്റെ ആഗ്രഹം അടക്കാൻ ശ്രമിക്കുന്നത്. പക്ഷെ ഇപ്പോൾ ഞാൻ പറയുന്നു സത്യവതിയുടെ മൂത്ത പുത്രനെ അച്ഛന് ശേഷം രാജാവായി ഞാൻ വാഴിക്കും. പക്ഷെ ദശരാജൻ ഇതിനെ നേരിട്ടത് ഇങ്ങനെയായിരുന്നു.
ശാന്തനുവിനു ദേവവ്രതൻ രാജാവകുന്നത് തടയാൻ അവകാശം ഇല്ലാത്തത് പോലെ തന്നെ ദേവവ്രതന്റെ പുത്രൻ രാജാവകുന്നത് തടയാൻ ദേവവ്രതനും അവകാശം ഇല്ല. അങ്ങനെ ഇരിക്കെ ഇനി ഭാവിയിൽ ദേവവ്രതന്റെ മകൻ രാജ്യാവകാശം ചോദിച്ചു വന്നാൽ എന്ത് ചെയ്യും? ദേവവ്രതന്റെ ഉത്തരം ലോകത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു, അതെ ദശരാജൻ പറഞ്ഞത് ശെരിയാണ് ദേവവ്രതൻ തന്റെ പുത്രൻ രാജാവകുന്നത് തടയാൻ അവകാശം ഇല്ല, പക്ഷെ പുത്രൻ വേണ്ട എന്ന് വെക്കാനുള്ള അവകാശം ഉണ്ടെന്നും അത് കൊണ്ട് ദേവവ്രതൻ ജീവിതകാലം മുഴുവൻ ബ്രഹ്മചാരിയായി ജീവിക്കും എന്ന് ശപഥം ചെയ്തു. അതിനുശേഷം ധഷരാജൻ സത്യവതിയെ ദേവവ്രതനോടൊപ്പം ശാന്തനുവിന്റെ അടുക്കലേക്കു അയച്ചു. സത്യവതിയെ കണ്ടപ്പോൾ അത്ഭുതവും സന്തോഷവുമായിരുന്നു ആദ്യം തോന്നിയത് പക്ഷെ ദേവവ്രതന്റെ ശപഥത്തെ കുറിച്ചറിഞ്ഞ അദ്ദേഹം വളരെ അസ്വസ്ഥനായി.
പക്ഷെ ഹസ്തന പുരിയിലെ സിംഹാസനത്തെക്കാൾ വലുത് സ്വന്തം പിതാവും അദ്ധേഹത്തിന്റെ സന്തോഷവുമാണ് എന്ന് ദേവവ്രതൻ പറഞ്ഞപ്പോൾ. ശാന്തനുവിനു തെല്ലു ആശ്വാസം തോന്നി. അദ്ദേഹം ദേവവ്രതന് ഒരു വരം നല്കി. ദേവവ്രതന് സ്വന്തം മരണം എപ്പോൾ വേണമെന്ന് തീരുമാനിക്കാം. അത് കൊണ്ട് തന്നെ ദേവവ്രതന് മരണമില്ലാതെ എത്രകാലം വേണമെങ്കിലും ജീവിക്കാം. സ്വന്തം അച്ഛന് വേണ്ടി ഇത്രയും കഠിനമായ ഒരു ശപഥം ചെയ്തത് കൊണ്ട് ഇനി നീ “ഭീഷ്മർ” എന്ന് അറിയപ്പെടും എന്ന് സത്യവതി പറഞ്ഞു.
ശാന്തനു യുവരാജാവിന്റെ സിംഹാസനം സത്യവതിയുടെ പുത്രന് വേണ്ടി ഒഴിച്ചിട്ടു. ഇത് കണ്ട രാജഗുരു ശന്തനുവിനെ ചോദ്യം ചെയ്തു. ഹസ്തനപുരിയുടെ ഭാവി എങ്ങനെയാണ് ഇതുവരെ ജനിച്ചിട്ട് കൂടി ഇല്ലാത്ത ഒരാളെ ഏല്പിക്കുക. ആ കുമാരാൻ രാജാവാകാൻ യോഗ്യനല്ലെങ്കിൽ എന്ത് ചെയ്യും? ശാന്തനു എന്ത് പറയും എന്നറിയാതെ ആശങ്കയിലായി. ഉടനെ ദേവവ്രതൻ രാജഗുരുവിനോട് പറഞ്ഞു.. എല്ലാം എന്റെ തന്നെ തീരുമാനം ആണ് ഗുരു. അതിനു അങ്ങ് അദ്ദേഹത്തെ തെറ്റുകാരനായി കാണേണ്ട. എന്റെ അനുജനെ രാജ്യകാര്യങ്ങളിൽ ഞാൻ സഹായിക്കും ഇത് എത്ര തലമുറ വരെ വേണമെങ്കിലും ഞാൻ തുടരും ഇനി എന്റെ ആവിശ്യമില്ല എന്ന് തോനുന്നത് വരെ ഹസ്തനപുരിയിലെ രാജാവിനെ സേവിക്കലായിരിക്കും എന്റെ ജീവിതലക്ഷ്യം. ആ സിംഹാസനത്തിൽ ഇരിക്കുന്ന എല്ലാവരെയും ഞാൻ എന്റെ അച്ഛനെ എന്ന പോലെ സഹായിക്കും. ഈ ഹസ്തിനപുരി സുരക്ഷിതമായ കരങ്ങളിൽ ആണ് എന്ന് എനിക്ക് ഉറപ്പു കിട്ടുന്നത് വരെ ഞാൻ ജീവിക്കും. ഞാൻ എന്റെ നാടിനെ സംരക്ഷിക്കും.
തുടരും…