മഹാഭാരതം കഥാരൂപത്തിൽ ഭാഗം-101

ദ്രുപതൻ തൻറെ ദൂതനെ കൗരവ രാജ്യത്തിലേക്ക് അയച്ചു. ദൂതൻ അവരെ സമാധാനത്തിലേക്ക് ക്ഷണിച്ചു. പക്ഷേ ദുര്യോധനൻ സമ്മതിച്ചില്ല. കർണൻ ദുര്യോധനനെ പിന്താങ്ങി. ഭീഷ്മരും ദ്രോണരും ധൃതരാഷ്ട്രരും ദുര്യോധനനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. എന്നാൽ ദുര്യോധനനാകട്ടെ പാണ്ഡവർക്ക് ഒരു ചെറിയതുണ്ട് ഭൂമിപോലും കൊടുക്കില്ല എന്ന് പറഞ്ഞ് ദൂതനെ തിരിച്ചയച്ചു.

ദൂതൻ തിരിച്ചുവന്ന് വിവരം പറഞ്ഞപ്പോൾ അർജുനൻ കൃഷ്ണൻറെ സഹായത്തിനായി ദ്വാരകയിലേക്ക് പുറപ്പെട്ടു. ഇത് കേട്ടറിഞ്ഞ ദുര്യോധനനും അതിവേഗം ദ്വാരകയിലേക്ക് ചെന്നു. രണ്ടുപേരും കൃഷ്ണസന്നിധിയിലെത്തി. യുദ്ധത്തിന് കൃഷ്ണൻറെ സഹായമഭ്യർത്ഥിച്ചു.

കൃഷ്ണൻ രണ്ടു പദ്ധതികൾ പറഞ്ഞു. ഒന്ന് കൃഷ്ണൻ നേരിൽ വരികയെന്നതും, മറ്റൊന്ന് കൃഷ്ണൻറെ അക്ഷൗഹിണിപ്പടയെ തരിക എന്നതുമായിരുന്നു. ദുര്യോധനൻ കൃഷ്ണൻ്റെ അക്ഷൗഹിണിപ്പട ചോദിച്ചുവാങ്ങി. അർജുനൻ ശ്രീകൃഷ്ണനെ തന്നെയും.

ദുര്യോധനൻ പോയശേഷം കൃഷ്ണൻ ചോദിച്ചു “അർജുനാ നീയെന്തിന് എന്നെ തിരഞ്ഞെടുത്തു, ഞാൻ യുദ്ധം ചെയ്യില്ല എന്ന് നിനക്കറിയില്ലേ?”

അർജുനൻ പറഞ്ഞു “നിശ്ചയമായും അറിയാം കൃഷ്ണാ, പക്ഷേ നീ ഞങ്ങളുടെ പക്ഷത്തുണ്ടെങ്കിൽ നിശ്ചയമായും വിജയം ഞങ്ങൾക്ക് തന്നെ. നീ എൻറെ സാരഥിയായിരുന്നാൽ മതി എന്ന് ഞാൻ ആഗ്രഹിക്കുന്നു.”

അങ്ങനെ അർജുനൻറെ നിർബന്ധപ്രകാരം കൃഷ്ണൻ അവൻറെ സാരഥിയാവാൻ സമ്മതിച്ചു.

ഇതിനിടയിൽ ധൃതരാഷ്ട്രർ സഞ്ജയനെ ദൂതനായി യുധിഷ്ഠിരൻ്റെ അടുക്കലേക്ക് അയച്ചു. പാണ്ഡവരും കൃഷ്ണനും സഞ്ജയനും നീണ്ട നേരം വിവാദങ്ങൾ നടത്തി.

യുധിഷ്ഠിരൻ പറഞ്ഞു “ഞങ്ങൾ ഇതുവരെ സഹിച്ച യാതനകൾ വേദനകൾ താങ്കൾക്ക് അറിയാം, കൗരവർ ഞങ്ങൾക്കുണ്ടാക്കിയ എല്ലാ ദുഃഖങ്ങളും മറക്കുവാനും ഞങ്ങൾ തയ്യാറാണ്. സമാധാനമാണ് ഞങ്ങൾക്ക് വേണ്ടത്. പക്ഷേ ദുര്യോധനൻ ഇന്ദ്രപ്രസ്ഥം ഞങ്ങൾക്ക് തരണം. കൗരവർ ഞങ്ങളുടെ പങ്ക് കൃത്യമായി തരുന്നില്ലെങ്കിൽ സമാധാന സംഭാഷണം മറക്കുകയേ നിർവാഹമുള്ളൂ.”

“നിങ്ങൾ കാട്ടിൽ തന്നെ തുടർന്നു താമസിക്കൂ, അതാണ് നിങ്ങൾക്ക് ഏറ്റവും നല്ലത്” സഞ്ജയൻ അഭ്യർത്ഥിച്ചു.

കൃഷ്ണൻ പറഞ്ഞു “ഇല്ല സഞ്ജയാ, അത് നടക്കില്ല; കൊടുക്കേണ്ടത് കൊടുത്തേ പറ്റൂ. എത്രനാൾ കൗരവർ ഇന്ദ്രപ്രസ്ഥം പാണ്ഡവർക്ക് കൊടുക്കില്ല എന്ന് വാശി പിടിക്കും?”

യുധിഷ്ഠിരൻ: “സഞ്ജയാ കൃഷ്ണൻ എല്ലാം അറിയുന്നവനാണ്, പക്ഷഭേദം കാട്ടാത്തവനാണ്. ശ്രീകൃഷ്ണൻറെ അഭിപ്രായം എന്തോ അതാണ് എൻറെയും അഭിപ്രായം.”

കൃഷ്ണൻ: “ദുര്യോധനനോട് നേരിട്ട് സംസാരിക്കുവാൻ ഞാൻ ഹസ്തിനപുരിയിലേക്ക് വരുവാൻ തയ്യാറാണ്.”

പാണ്ഡവർ സഞ്ജയൻറെ അഭ്യർത്ഥനകൾ നിരാകരിച്ചു, സഞ്ജയൻ തിരിച്ചുപോയി.

ധൃതരാഷ്ട്രരുടെ രാജ്യസഭയിൽ കൃഷ്ണൻ നീതിയും സത്യവും എടുത്തുപറഞ്ഞു. സഭ മുഴുവൻ ശാന്തരായി മര്യാദയോടെ അത് കേട്ടു കൊണ്ടിരുന്നു.

ധൃതരാഷ്ട്രർ പറഞ്ഞു “കൃഷ്ണാ നിന്റെ സംഭാഷണത്തിൽ സത്യവും വിവേകവും ഉണ്ട്. പക്ഷേ എനിക്ക് എൻറെ മകനെ തടുക്കാൻ കഴിയുന്നില്ല, ദയവുചെയ്ത് ഈ വിഷയം നീ തന്നെ ദുര്യോധനനോട് പറഞ്ഞാലും.

ആകയാൽ ശ്രീകൃഷ്ണനും മറ്റു മഹാശയരും ദുര്യോധനനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. പക്ഷേ ദുര്യോധനന് കോപം ആണുവന്നത്.

കൃഷ്ണൻ: “ഇത് കാണുമ്പോൾ നീ കുരുവംശത്തിന്റെ നാശം കാണുവാനാണ് ശ്രമിക്കുന്നതെന്ന് എനിക്ക് തോന്നുന്നു. നീ നീതിമാൻ ആണെങ്കിൽ പാണ്ഡവർ അർഹിക്കുന്നത് അവർക്ക് കൊടുക്കൂ. അല്ലെങ്കിൽ യുദ്ധത്തിന് തയ്യാറായിക്കോളൂ. ഓർമ്മയിരിക്കട്ടെ യുദ്ധത്തിൽ നാശം നിശ്ചയമാണ്.”

കൃഷ്ണൻറെ വാക്കുകൾ കേട്ട് ദുര്യോധനൻ സഭയിൽ നിന്നിറങ്ങിപ്പോയി. അവൻ കൃഷ്ണനെ തടവുകാരനാക്കാൻ കർണൻ ശകുനി എന്നിവരോടൊപ്പം പദ്ധതിയിട്ടു. സ്വാത്വികി ഈ വിഷയം കേട്ട് അത് കൃഷ്ണനെ അറിയിച്ചു.

ദുര്യോധനൻ തിരിച്ചുവന്നപ്പോൾ കൃഷ്ണൻ ആ പദ്ധതിക്ക് വിരാമമിട്ടു.
കൃഷ്ണൻ: “ദുര്യോധനാ നിനക്ക് തെറ്റുപറ്റി, ഞാൻ ഒരു സാധാരണ മനുഷ്യനാണെന്ന് നീ കരുതി.”
ശ്രീകൃഷ്ണൻ തൻ്റെ വിശ്വരൂപം കാണിക്കുന്നു. സഭയിൽ ഉള്ള എല്ലാവരും ഭക്തിയോടെ വിസ്മയിച്ചു. പിന്നീട് കൃഷ്ണൻ സാധാരണ രൂപംകൊണ്ടു.

കൃഷ്ണൻ: “കർണാ നീ കുന്തിയുടെ മകനാണ്, അവൾ കന്യകയായിരിക്കുമ്പോൾ നിന്നെ പ്രസവിച്ചു. അങ്ങനെ നോക്കിയാൽ നീയാണ് പാണ്ഡവരുടെ ജേഷ്ഠൻ. കൗരവരിൽ നിന്നും നീ അകന്നു മാറൂ. നിൻറെ അനുജന്മാരുടെ കൂടെ ചേരൂ.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു