നമ്മെ വിളിപ്പൂ നമ്മെ വിളിപ്പൂ

നമ്മെ വിളിപ്പൂ നമ്മെ വിളിപ്പൂ
നല്ല ഹൈമവതഭൂമി
തിങ്കള്‍ക്കലയാല്‍ തിലകം ചാര്‍ത്തും
തുംഗഹൈമവതഭൂമി
നക്ഷത്രക്കതിര്‍ മുടിയില്‍ തിരുകും
നല്ല ഹൈമവതഭൂമി

ഇതാണ്‌ ഭാരത രജതകിരീടം
പാരിന്‍ഗോപുരവാടം
ഇതാ യുഗങ്ങള്‍ പിറന്നുവളര്‍ന്നൊരു
ഭൂവിന്‍ ദേവകവാടം
ഇതാണിതാണീ പുണ്യക്ഷിതിയുടെ
അഭിമാനത്തിൻ ദുർഗം
ഇതാ ഹിമാചലഭൂമി, ഇതാ ഹിമാചലഭൂമി

ഇതാ ഭഗീരഥയത്‌നം വിണ്ണിൻ
കനിവ് കറന്നൊരു പീഠം
ഇതാ തഥാഗത പുണ്യപദങ്ങൾ
പൂവുകൾ ചാർത്തിയ പീഠം
ഇതാണിതാണാ സർഗോജ്വലമാം
ചൈതന്യത്തിൻ നീഢം
ഇതാ ഹിമാചലഭൂമി, ഇതാ ഹിമാചലഭൂമി

ഇതാണനശ്വരകവിഭാവനയുടെ
വിശ്രുത വിഹാരഭൂമി
ഇതാണ് ഗിരിജാലാസ്യലയങ്ങളി-
ലുൾക്കുളിലാർന്നൊരു ഭൂമി
ഇതാണ് വിക്രമതാണ്ഡവകേളി-
ക്കുൾത്തുടി കൊട്ടിയ ഭൂമി
ഇതാ ഹിമാചലഭൂമി, ഇതാ ഹിമാചലഭൂമി

ഇവിടെച്ചതിയുടെ കാഞ്ചിവലിച്ചൊരു
ശത്രുപ്പടയുടെ നേരെ
മോഹമദത്തിൽ മുങ്ങിമയങ്ങിയ
കാടത്തത്തിൻ നേരെ
ഇവിടെപ്പുതിയൊരു താണ്ഡവമാടാൻ
വരുന്നു ഭാരതവീരൻ…..(3)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു