ജയജയ ഭാരതമാതാവേ ജയ.. ജയജയ ഭാരത ഭൂമാതേ

ജയജയ ഭാരതമാതാവേ ജയ
ജയജയ ഭാരത ഭൂമാതേ (2)

നിശ്ചലമായൊരു ജഢമല്ലാ നീ
നിശ്ചേതനമാം ധരയല്ലാ
മഞ്ഞും മലയും മരുഭൂമികളും
തിങ്ങും വെറുമൊരു കരയല്ലാ
ചൈതന്യത്തിൻ പ്രസ്ഫുരണം നീ
ആദിശക്തിനീ മമതായേ

ജയജയ ഭാരതമാതാവേ ജയ
ജയജയ ഭാരത ഭൂമാതേ

ഭാഗീരഥി വെറുമൊരു നദിയല്ലാ
സിന്ധു കേവലം ജലമല്ലാ
ഭക്ത്യാദരവാർന്നമരരൊഴുക്കിയ
നിന്നഭിഷേജലതീർത്ഥംതാൻ
അതിലൊരു നീർക്കണമെങ്ങാൻ പോരും
ജന്മാന്തരകൃത പാപം പോക്കാൻ

ജയജയ ഭാരതമാതാവേ ജയ
ജയജയ ഭാരത ഭൂമാതേ

കൈലാസം വെറുമൊരു മലയല്ലാ
കൈവല്യത്തിൻ വെൺകൽപ്രതിമ
അതിലധിവാസം ചെയ്‌വൂ ശിവനും
ആദിശക്തിയാം പാർവ്വതിയും
അതിലമരുമ്പോൾ നീലകണ്ഠനിൽ
കാളകൂടവുമമൃതായി

ജയജയ ഭാരതമാതാവേ ജയ
ജയജയ ഭാരത ഭൂമാതേ

എന്തൊരലൗകിക ലീലയിതമ്പേ
നിൻ തിരുവടിതൻ മഹിമാഘോഷം
വാരിധിവീചികളാടിപ്പാടി
പാരിൽ മുഴുവൻ വാഴ്ത്തീടുന്നു
വിണ്ണിൽ താരകളത്ഭുതവിവശം
നിർനിമേഷരായ് നിൽക്കുന്നൂ

ജയജയ ഭാരതമാതാവേ ജയ
ജയജയ ഭാരത ഭൂമാതേ

നിന്നുടെ പൂജയിൽ നിർവൃതി കാണാൻ
നിന്നടിമലരിൻ പൂവായ്തീരാൻ
ആർഷപൂർവ്വികർ കാട്ടിയമാർഗ്ഗം
ത്യാഗമോഹനം പിന്തുടരാൻ
ആശിർവാദം തൂവുകതായേ
ആത്മപുത്രരിൽ കൃപയാലേ

ജയജയ ഭാരതമാതാവേ ജയ
ജയജയ ഭാരത ഭൂമാതേ (2)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു