മതന്യൂനപക്ഷം എന്ന പ്രശ്നം നമ്മുടെ ദേശീയജീവിതത്തെ ആകെ താറുമാറാക്കിയിരിക്കുന്നു. ഹിന്ദുവിന്റെ വിശാലമനസ്കതയേയും, ന്യൂനപക്ഷങ്ങള്‍ അതിനെ ഏതുരീതിയില്‍ ഉള്‍കൊള്ളണം എന്നതിനേയും ദ്യോതിപ്പിക്കുന്ന ഒരു സംഭവം ഓര്‍മവരുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രാകൃത അറബികളും തൂര്ക്കികളും പേര്‍ഷ്യയെ ആക്രമിച്ചു. നില്‍ക്കക്കള്ളിയില്ലാതെ ചില പാര്‍സികള്‍ പേര്‍ഷ്യ വിട്ടു. അവര്‍ തങ്ങളുടെ വിശുദ്ധഗ്രന്ഥവും വിശ്വാസങ്ങളുമായി ഭാരതത്തില്‍ വന്നു. സൂറത്തിലെ യാദവ് റാണ എന്ന രാജാവ് തുറന്ന മനസ്സോടെ അവര്‍ക്ക് സ്വാഗതമരുളി. കപ്പലിറങ്ങിയ പാര്‍സികളുടെ നേതാവ് രാജാവിനെ കാണാന്‍ കൊട്ടാരത്തിലെത്തി. രാജാവ് അദ്ദേഹത്തെ ആദരിച്ച് ഇരുത്തി. ഒരു കപ്പ് പാല് നല്കി. പാര്‍സികളുടെ നേതാവ് അതില്‍ ഒരു സ്പൂണ്‍ പഞ്ചസാരയിട്ടു. ഹിന്ദുസംസ്കൃതി പാലാണ് എന്നാണ് രാജാവ് ദ്യോതിപ്പിച്ചത്. അതില്‍ ഞങ്ങള്‍ പഞ്ചസാരപോലെ ലയിച്ചുചേരും എന്നാണ് പാര്‍സികളുടെ നേതാവിന്റെ പ്രവൃത്തിയുടെ അര്‍ഥം. അതിനുശേഷം രാജാവ് ദ്വാരകാപീഠം ശങ്കരാചാര്യരുമായി ചര്‍ച്ചചെയ്തു. ഗോമാംസം ഭക്ഷിക്കുന്നത് സ്വയം ഉപേക്ഷിച്ച് ദേശീയവിശ്വാസത്തിന്റെ പ്രതീകമായി ഗോമാതാവിനെ ആരാധിച്ച് സമാധാനത്തോടെ ജീവിക്കാന്‍ രാജാവ് പാര്‍സികള്‍ക്ക് സൌകര്യം നല്കി.
സാരതുഷ്ടാവിന്റെ ഈ അനുയായികള്‍ നാളിതുവരെ അത് അനുസരിച്ചാണ് ജീവിച്ചുവരുന്നത്. സ്വന്തം വിശ്വാസത്തിന് കോട്ടം തട്ടാതെതന്നെ രാഷ്ട്രജീവിതത്തിന്റെ മുഖ്യധാരയില്‍ പൂര്‍ണമായും
അവര്‍ ലയിച്ചുചേര്‍ന്നു. അതിനെ മാറ്റുകൂട്ടുന്ന രീതിയില്‍ ജീവിച്ചുവരുന്നു.