ആദര്‍ശത്തിൻ്റെ പാതയില്‍ ലക്ഷ്യപൂര്‍ത്തിക്കു വേണ്ടി ഏതു പരിതസ്ഥിതിയിലും മുന്നോട്ട് കുതിക്കുന്നതിനെയാണ് ധ്യേയനിഷ്ഠ എന്നു പറയുന്നത്.
ഞാന്‍ വിദ്യാര്‍ഥിയായിരിക്കെ ഒരു കവിത വായിച്ചിരുന്നു. അതിൻ്റെ താല്പര്യം ഇതാണ്: “മുന്നോട്ട് മുന്നോട്ട്.”
ഒരു പടയാളി തൻ്റെ കൃത്യനിര്‍വഹണത്തിനിടയില്‍ ഒരു പർവതനിര കടക്കുകയായിരുന്നു. ശരീരം കോച്ചുന്ന തണുപ്പും തണുത്ത കാറ്റും നിറഞ്ഞ അന്തരീക്ഷം. മുന്നോട്ടുള്ള യാത്ര ദുഷ്കരമായിരുന്നു. യാത്രക്കിടയില്‍ അയാള്‍ ഒരു കുടിലിനു മുന്നിലൂടെ കടന്നുപോയി. മുതുകില്‍ ഭാണ്ഡവും പേറി വലിഞ്ഞു നടക്കുന്ന
യുവാവിനെ ഗൃഹനാഥന് കണ്ടു. വൃദ്ധന് അയാളെ ക്ഷണിച്ചു. അൽപനേരം വിശ്രമിക്കാന്‍ അഭ്യര്‍ഥിച്ചു. കുടിലിനുള്ളില്‍ ചൂടുകിട്ടാന്‍ തീ കൂട്ടിയിരുന്നു. യുവാവ് പറഞ്ഞു; “എനിക്ക് സമയമില്ല. ഇനിയും വളരെയധികം വഴി താണ്ടണം ലക്ഷ്യസ്ഥാനത്ത് എത്താന്‍.” വൃദ്ധന് പറഞ്ഞു: “മുന്നോട്ടുള്ള വഴി ദുര്‍ഘടം പിടിച്ചതാണ്. കാറ്റും മഴയും കൂടിവരും. എനിക്ക് ആണ്മക്കള് ആരുമില്ല. നിനക്ക് തീയും കാഞ്ഞ് ഇവിടെ സുഖമായി കഴിയാം. നിന്നെ പോറ്റാനുള്ള സമ്പത്ത് എനിക്കുണ്ട്.”
പക്ഷേ യുവാവ് കൂട്ടാക്കിയില്ല. അയാള്‍ നടക്കാന്‍ തയാറെടുത്തു. ഇതുകേട്ട് അകത്തിരുന്ന സുന്ദരിയായ യുവതി പുറത്തിറങ്ങി. അവള് യുവാവിനോട് അപേക്ഷിച്ചു: “നിങ്ങള്‍ എന്നെ സ്വീകരി
ക്കണം. എന്നെ വിട്ട് പോകരുത്. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. ഇന്നേവരെ വേറൊരു യുവാവിനേയും ആഗ്രഹിച്ചിട്ടില്ല. എൻ്റെ ഹൃദയം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.”
യുവാവ് പുഞ്ചിരിച്ചു. എന്നിട്ട് ഭാണ്ഡം മുതുകിലേറ്റി മുന്നോട്ടുനടന്നു.