കണ്ണു തുറന്നിരുന്ന കുന്തി

(അമ്മമാർക്ക്)

ഒരിക്കൽ ഗന്ധാരി, ഭഗവാൻ കൃഷ്ണനോട് പറഞ്ഞു
കൃഷ്ണാ, പാണ്ഡവർ യുദ്ധം ജയിച്ചതിനും എന്റെ മക്കളെല്ലാം വധിക്കപ്പെട്ടതിനും കാരണം നീയാണ്.”

ശ്രീകൃഷ്ണൻ പറഞ്ഞു..
“ഞാൻ ആരെയും രക്ഷിക്കയോ, ശിക്ഷിക്കയോ ചെയ്തിട്ടില്ല. അവരവരു ചെയ്യുന്ന പ്രവൃത്തിയുടെ ഫലം അവരവർ അനുഭവിക്കുന്നു; അത്ര മാത്രം.

ഒരു അമ്മ എന്ന നിലയിൽ നിങ്ങൾ മക്കളെ ശാസിച്ചിട്ടുണ്ടോ..?

അന്ധനായ ഭർത്താവിന്റെ കണ്ണുകളാവേണ്ടതിനു പകരം, നിങ്ങൾ ക്ഷണിച്ചു വരുത്തിയ അന്ധതയുമായി കാലം പാഴാക്കി. കണ്ണും മൂടിക്കെട്ടി ഇങ്ങനെ ഇരുന്നാൽ, ഇതുതന്നെ ഫലം.
കുന്തിദേവിയെ നോക്കൂ, ഭർത്താവ് മരിച്ചിട്ടും പുത്രന്മാരുടെ കൂടെ അവർ സദാ ഉണ്ടായിരുന്നു. അവരുടെ സുഖത്തിലും, ദുഖത്തിലും കുന്തി പിന്തിരിഞ്ഞില്ല. അമ്മയുടെ സാമീപ്യം പാണ്ഡവരെ ധർമ്മ ബോധമുള്ളവരാക്കി.

അങ്ങനെയുള്ള ഒരു പരിചരണം, ശ്രദ്ധ, നിങ്ങളുടെ മക്കൾക്ക് അമ്മയിൽ നിന്നു ഒരിക്കലും ലഭിച്ചില്ല; അതുകൊണ്ടു തന്നെ അവർക്കു വഴിതെറ്റി.”

അമ്മയുടെ സ്നേഹവും ശാസനയും മക്കളുടെ ശരിയായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ, പല കുഞ്ഞുങ്ങൾക്കും ഇത് നിഷേധിക്കപ്പെടുന്നു.

പുരാണകഥകളും കുടുംബബന്ധങ്ങളുടെയും ആചാരമര്യാദകളുടെയും കഥകൾ പറഞ്ഞുകൊടുക്കേണ്ട മുത്തശ്ശിയും മുത്തച്ഛനും വൃദ്ധസദനങ്ങളിലാണ്. മുത്തശ്ശിക്കഥകൾ കേട്ടുറങ്ങേണ്ട കുഞ്ഞുങ്ങൾ ടീവി സീരിയലുകൾ കണ്ടുറങ്ങുന്നു. അണുകുടുംബങ്ങളിലെ അച്ഛനുമമ്മയും വീട്ടിൽ മക്കൾക്ക് ഇന്റർനെറ്റ് സംവിധാനങ്ങൾ ഒരുക്കികൊടുത്തിട്ടു, ജോലികഴിഞ്ഞെത്തുമ്പോഴേക്കും രാത്രിയാകും… പൂജാമുറിയിലെ നിലവിളക്കുകൾ കത്താറേയില്ല..
നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് കെണിയൊരുക്കി കാത്തിരിക്കുന്നവരെക്കുറിച്ചു നമ്മൾ അറിയുന്നില്ല…അറിയുന്നത് കെണിയിൽ വീണുകഴിഞ്ഞു മാത്രം…..

അമ്മമാർ കണ്ണുമൂടി കെട്ടിയ ഗാന്ധാരി അല്ല…കണ്ണു തുറന്നിരുന്ന കുന്തി ആകുക.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു