കഠിന കണ്ഠകാകീർണമാണെങ്കിലും
വെടിയുകില്ല ഞാനീവഴിത്താരയെ
അനുഗമിക്കില്ല മറ്റൊരു പാതയെ
പകയുമീർഷ്യയും നഞ്ഞു പുരട്ടിയ
പരുഷതയുടെ മുള്ളുകളേൽക്കയാൽ
പദയുഗങ്ങള്‍ ചുടുചോര വാർക്കിലും
വെടിയുകില്ല ഞാനീവഴിത്താരയേ
അനുഗമിക്കില്ല മറ്റൊരു പാതയെ
പഥി ചിതറിക്കിടക്കുന്നോരസ്ഥികൾ
പതിയിരിപ്പു മരണമെന്നോതവേ
പതറിടാറുണ്ട് മാനസമെങ്കിലും
വെടിയുകില്ല ഞാനീവഴിത്താരയെ
അനുഗമിക്കില്ല മറ്റൊരു പാതയെ
അതി വിദൂരമാം ചക്രവാളത്തിലും
അകലെയാണെനിക്കെത്തേണ്ടതെങ്കിലും
അയുത ജന്മങ്ങളാവശ്യമെങ്കിലും
വെടിയുകില്ല ഞാനീവഴിത്താരയെ
അനുഗമിക്കില്ല മറ്റൊരു പാതയെ
അനുഗമിച്ചവർ എന്നെ വെടിഞ്ഞിടാം
അരുമയുള്ളവർ പോലുമൊഴിച്ചിടാം
ഒടുവിൽ ഏകനായ് തീർന്നിടാമെങ്കിലും
വെടിയുകില്ല ഞാനീവഴിത്താരയെ
അനുഗമിക്കില്ല മറ്റൊരു പാതയെ
എതുവരേക്കെന്റെ നാഡീഞരമ്പുകൾ
ഹൃദയരക്തത്തുടിപ്പേറ്റു പാടുമോ
അതുവരേക്കും പ്രളയം വരികിലും
വെടിയുകില്ല ഞാനീ വഴിത്താരയെ
അനുഗമിക്കില്ല മറ്റൊരു പാതയെ
(കഠിന കണ്ഠ)