ഒരാദർശദീപം കൊളുത്തൂ

ഒരാദർശദീപം കൊളുത്തൂ
കെടാതായതാജന്മ കാലം വളർത്തൂ
അതിന്നായഹോരാത്രമേകൂ സ്വജീവൻ്റെ രക്തം

ഒരാദർശദീപം കൊളുത്തൂ

അതേ ധന്യമാക്കൂ നരത്വം
അതേ മർത്യജന്മം ചിരഞ്ജീവമാക്കൂ
അതേ ഘോരരാത്ര്യന്ധകാരത്തിമിർപ്പെത്തകർക്കൂ

ഒരാദർശദീപം കൊളുത്തൂ

ശിശുക്കൾക്ക് കൂടെക്കളിക്കാന്‍
യുവത്വം മദംപൊട്ടിടുമ്പോൾ തളയ്ക്കാൻ
വയോവൃദ്ധനൂന്നായ്, ഉറപ്പുള്ള താങ്ങായ്, പിടിച്ചൊന്നുനിൽക്കാൻ

ഒരാദർശദീപം കൊളുത്തൂ

കരങ്ങൾക്കതേശക്തി നൽകൂ
പദങ്ങൾക്കുറപ്പും ചുറുക്കും കൊടുക്കൂ
മിഴിക്കുള്ളിലുൾക്കാഴ്ച ചേർത്തുജ്ജ്വലത്താക്കിമാറ്റൂ

ഒരാദർശദീപം കൊളുത്തൂ

അഹങ്കാരബീജം വരട്ടൂ
സ്വയം നിൻചിതക്കഗ്നി നീയേ കൊടുക്കൂ
അതിൽ പ്രസ്ഫുരിക്കും സ്ഫുലിംഗങ്ങളോരോന്നില്‍ നിന്നും

ഒരാദർശദീപം കൊളുത്തൂ
കെടാതായതാജന്മ കാലം വളർത്തൂ
അതിന്നായഹോരാത്രമേകൂ സ്വജീവൻ്റെ രക്തം

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു