അവിരാമമായ് കത്തും തിരിനാളമേ
ആർഷഭൂവിന്റെ സമ്പൂർണസൗഭാഗ്യമേ
ഹിന്ദുത്വമേ……. അമരവരദാനമേ……….
കാലം കാതോർത്തു നിൽക്കുന്ന ശുഭനാദമേ.
(ഹിന്ദുത്വമേ… അമരവരദാനമേ…)
സുരതാരമേ നിന്നുത്കർഷമാണീ
ഉലകിന്നുതാങ്ങും തണലും കരുത്തും
ഹിന്ദുത്വമേ…സർവസന്മാർഗസത്തേ
വിടരട്ടെ നിൻ നവ്യമുകുളങ്ങളെങ്ങും.
(ഹിന്ദുത്വമേ… അമരവരദാനമേ…)
നിമ്നോന്നതങ്ങൾക്കടിമപ്പെടാതെ
അതിജീവനത്തിനുപമാനമായി
ഹിന്ദുത്വമേ… ലോകസംസ്കാരമാതേ
പിന്നിട്ടു നീയെത്ര മന്വന്തരങ്ങൾ.
(ഹിന്ദുത്വമേ… അമരവരദാനമേ…)
നാനാത്വസംസ്ക്കാരധാരയ്ക്കു കാമ്പായ്
ഏകത്വമായ് നിന്നു വർത്തിച്ചിടുന്ന
ഹിന്ദുത്വമേ…. തത്ത്വനിറകുംഭമേ നിൻ
രഥചക്രമുരുളട്ടെ ഭുവനത്തിലെങ്ങും.
(ഹിന്ദുത്വമേ… അമരവരദാനമേ…)
വിശ്വംഭരേ സാർവഭൗമേ നിനക്കാണി-
നിയും പിറക്കും നിമിഷങ്ങളെല്ലാം
ഹിന്ദുത്വമേ… നീയമൃതായി നിത്യം
പ്രവഹിക്ക ഗംഗാപ്രവാഹം കണക്കെ.
(ഹിന്ദുത്വമേ… അമരവരദാനമേ…)
പ്രണവസ്വരൂപം നിൻ മൂലബിംബം
പ്രപഞ്ചത്തിനും മേൽ വിളങ്ങുന്ന സത്യം
ഹിന്ദുത്വമേ… സർഗചൈതന്യമേ നീ
വിരചിക്ക നവദീപ്ത കാണ്ഡങ്ങളിനിയും.
(ഹിന്ദുത്വമേ… അമരവരദാനമേ…)